തിരുവനന്തപുരം: കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ഏരീസ്പ്ലക്‌സിൽ ‘ദി കേരള സ്റ്റോറി’എന്ന ചിത്രത്തിന്റെ മോണിംഗ് ഷോ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ. ‘ദി കേരള സ്റ്റോറി’ താലിബാനും ഐഎസും ഉയർത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രമാണെന്നും പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കേണ്ടി വരുന്നത് ഗതികേടാണെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് സംരക്ഷണയിൽ വന്ന് കാണേണ്ട സാഹചര്യം മുമ്പൊരു ചലച്ചിത്രത്തിനും ഉണ്ടായിട്ടില്ല. കേരളത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുത്തത് കൊണ്ടാവണം സിനിമയ്ക്ക് ദി കേരള സ്റ്റോറി എന്ന് പേരിട്ടത്.കേരളത്തിലെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത് എന്നും മന്ത്രി പറഞ്ഞു. അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുവെന്നതെന്നും വി. മുരളീധരൻ പ്രതികരിച്ചു..

