ഡല്‍ഹി പോലീസിനെതിരേ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗിക പീഡനപരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി: എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ കേസെടുത്തെങ്കിലും ഡല്‍ഹി പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. തങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പോലീസ് തയാറായിട്ടില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരങ്ങിയ ബെഞ്ചിനു മുമ്പാകെ താരങ്ങള്‍ വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ഗുസ്തി താരങ്ങള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നരേന്ദര്‍ ഹൂഡ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ നേരിട്ടു പോലീസിനു സമര്‍പ്പിക്കണമെന്നായിരുന്നു ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിലപാട്. വിവരങ്ങളുടെ കോപ്പി സോളിസിറ്റര്‍ ജനറലിനു കൂടിെകെമാറാന്‍ കോടതി പരാതിക്കാരോടു നിര്‍ദേശിച്ചു. അതില്‍ എതിര്‍പ്പില്ലെങ്കിലും വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നു ഹൂഡ വാദിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴു വനിതാ താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശത്തെത്തുടര്‍ന്നാണു ഡല്‍ഹി പോലീസ് 2023 ഏപ്രില്‍ 28 നു കേസെടുത്തത്. ബ്രിജ് ഭൂഷണെതിരേ നടപടി ആവശ്യപ്പെട്ടു ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →