അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

അഹമ്മദാബാദ്: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപി പിന്മാറി. 26.04.2023 ബുധനാഴ്ചയാണ് ജഡ്ജിയുടെ പിന്മാറ്റം. കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാർ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിലാണ് രാഹുലിന്റെ അപ്പീൽ വന്നത്. പിന്മാറിയതോടെ ഇനി പുതിയ ബെഞ്ചിന് മുന്നിലാകും അപ്പീൽ വരിക.

പുതിയ ജഡ്ജിയെ നിയമിക്കാൻ രണ്ട് ദിവസമെടുത്തേക്കുമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പിഎസ് ചാപ്പനേരി പറഞ്ഞു. അപകീർത്തി കേസിൽ ശിക്ഷ സസ്‌പെൻഡ് ചെയ്യാനുള്ള അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അപ്പീലിലെ വിചാരണ വൈകും എന്നതിനാൽ ശിക്ഷ സസ്‌പെൻഡ് ചെയ്യണം എന്നാണ് രാഹുലിന്റെ ആവശ്യം. നേരത്തെ അയോഗ്യനക്കപ്പെട്ട രാഹുൽ, സെഷൻസ് കോടതി ഉത്തരവിന് പിന്നാലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →