സൂറത്ത്: രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധിയിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ രാഹുൽ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്റ്റേ നേടുന്നതിനായി രാഹുൽ 2023 ഏപ്രിൽ 21ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളിൽ സ്റ്റേ സമ്പാദിക്കുക എന്നത് രാഹുലിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
മാനനഷ്ടക്കേസിലെ രണ്ട് വർഷത്തെ തടവ് ശിക്ഷയും തുടരും. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചിരുന്നത്. രാഹുലിന്റെ സഭാംഗത്വം നഷ്ടമാകാതിരിക്കണമെങ്കിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന് ഒരു മാസത്തിനകം സ്റ്റേ ലഭിക്കേണ്ടതുണ്ട്. അതിനാൽ ഇനി അവശേഷിക്കുന്ന മൂന്ന് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിയ്ക്കേണ്ടത് രാഹുൽ ഗാന്ധിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് രാഹുലിന് അനുകൂലമായ വിധി നേടാൻ സാധിച്ചില്ലെങ്കിൽ വയനാട് ഉടൻ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ശിക്ഷയ്ക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ രാഹുലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നതാണ് നിലവിലെ അവസ്ഥ. കർണാടകയിലെ കോലാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നൽകുകയായിരുന്നു.

