യുണിഫോം സിവില്‍ കോഡ്, ഗോവയ്ക്ക് ശേഷം ചരിത്രത്തില്‍ സ്ഥാനം പിടിക്കാനൊരുങ്ങുന്ന ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്: ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ മതാടിസ്ഥാനത്തില്‍ വ്യക്തി നിയമങ്ങളുണ്ട്. ഹിന്ദു വ്യക്തി നിയമം, മുസ്ലീം വ്യക്തി നിയമം എന്നിങ്ങനെ പോവുന്ന അവ. ദത്തവകാശം, വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ജീവനാംശം തുടങ്ങി നിരവധി കാര്യങ്ങളില്‍ പൗരന്‍മാര്‍ ആശ്രയിക്കുന്നത് ഇത്തരം മതാഠിസ്ഥാനത്തിലുള്ള നിയമങ്ങളാണ്. ഇത് മാറ്റി ഇവയ്‌ക്കെല്ലാം പൊതുവായ നിയമം കൊണ്ടുവരികയാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പാണ് ഈ നിയമം കൊണ്ടുവരികയെന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമായി ചൂണ്ടികാട്ടുന്നത്. അതിലേക്ക് ചുവട് വയ്ക്കുകയാണ് ഉത്തരാഖണ്ഡ്. സംസ്ഥാന തലത്തില്‍ ഏകീകൃത്യ വ്യക്തി നിയമം നടപ്പാക്കുന്ന പദ്ധതിയുടെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരെന്നതാണ് വാര്‍ത്ത.

2022 മെയ് മാസം, അതായത് ഒരു വര്‍ഷം മുന്‍പാണ് ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് അഥവാ ഏകീകൃത വ്യക്തി നിയമം കൊണ്ടുവരുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് നിയമത്തിന്റെ കരട് തയ്യാറായതായും അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കിയതോടെ ഏക സിവില്‍ കോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി 2022ലാണ് ഏകീകൃത്യ വ്യക്തി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായുള്ള വിദഗ്ധ സമിതി രൂപീകരിച്ചത്. ഡൂണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരേഖ, ഡല്‍ഹി ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്ലി, സാമൂഹിക പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശത്രുഘ്നന്‍ സിങ് എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. നിയമം നടപ്പാക്കുന്നതിലൂടെ വിവിധ മതവിഭാഗങ്ങള്‍ക്ക് ഏക രൂപം നല്‍കാനും ദേവഭൂമിയുടെ സംസ്‌കാരം നിലനിര്‍ത്താനും സാധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെ ഇപ്പോഴുള്ളത് പോലെ വ്യക്തിനിയമങ്ങള്‍ക്കായി മതഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ടി വരില്ല, സുപ്രീം കോടതി വരെ ഏകീകൃത നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗോവയ്ക്ക് ശേഷം സിവില്‍ കോഡ് നടപ്പിലാക്കിയ സംസ്ഥാനമെന്ന ഖ്യാതിയോടെ ഉത്തരാഖണ്ഡ് ഇന്ത്യന്‍ ഭരണ ചരിത്രത്തില്‍ ഇടം നേടും.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →