കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിലുള്ള മദ്യശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട്. ഫഹാഹീലിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ വാഹനവുമായി ഇയാൾ പൊലീസ് സംഘത്തിന്റെ കണ്ണിൽപെടുകയായിരുന്നു. പട്രോൾ വാഹനം കണ്ട് സ്ഥലത്തു നിന്ന് ധൃതിയിൽ രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസിന് സംശയം ശക്തമായി. പരിശോധിച്ചപ്പോഴാണ് നിരവധി ബാഗുകളിൽ നിറയെ മദ്യക്കുപ്പികൾ കണ്ടെടുത്തത്. പ്രാദേശികമായി നിർമിച്ച നിരവധി ബോട്ടിൽ മദ്യവുമായാണ് ഏഷ്യക്കാരനായ പ്രവാസി പിടിയിലായത്.
അഹ്മദി പൊലീസ് പട്രോൾ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നടപടികൾ പൂർത്തിയാക്കി നാടുകടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നതെന്ന് കുവൈത്തിലെ അൽ റായ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. അതുവരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം അറസ്റ്റിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉൾപ്പെടെയുള്ള വിശദ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

