ചെെന്നെ: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കലാക്ഷേത്രയിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഏതാനും എം.എല്‍.എമാര്‍ 31/03/23 വെള്ളിയാഴ്ച നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
ചെന്നൈ കലാക്ഷേത്രയിലെ ഒരു അസി. പ്രൊഫസര്‍ കാമ്പസില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ഉപദ്രവിച്ചതായി നിരവധി വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.30/03/23 വ്യാഴാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ പ്രഭാത പ്രാര്‍ഥനയില്‍നിന്ന് ഇറങ്ങിപ്പോയി. ആരോപണം നേരിടുന്ന ഫാക്കല്‍റ്റി അംഗത്തിനെതിരേ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വര്‍ഷാവസാന പരീക്ഷകള്‍ ഒഴിവാക്കുന്ന വിദ്യാര്‍ഥികള്‍ പ്രൊഫസറെയും മറ്റ് മൂന്ന് നൃത്താധ്യാപകരെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ഥി പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടതോടെ കലക്ടറോട് വിവരം തിരക്കി. ഉദ്യോഗസ്ഥരെ അന്വേഷണത്തിന് അയയ്ക്കുകയും ചെയ്തതായി സ്റ്റാലിന് നിയമസഭയില്‍ പറഞ്ഞു.
കേസിലെ ഇതുവരെയുള്ള സംഭവവികാസങ്ങള്‍ വിശദീകരിച്ച സ്റ്റാലിന്, മാര്‍ച്ച് 21-ന് ദേശീയ വനിതാ കമ്മീഷന് ഈ സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടി. അവര്‍ ഡി.ജി.പിയുമായും ആശയവിനിമയം നടത്തി. മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയം അന്വേഷിച്ചതായും അന്വേഷണം അവസാനിപ്പിച്ചതായും തുടര്‍ന്ന് ഡി.ജി.പിയുമായുള്ള ആശയവിനിമയത്തില്‍ വനിതാ കമ്മിഷന് വ്യക്തമാക്കിയിരുന്നു. കമ്മിഷന് അധ്യക്ഷ ഒടുവില്‍ കലാക്ഷേത്രയിലെത്തി വിദ്യാര്‍ഥിനികളില്‍ നിന്നു വിവരങ്ങള്‍ തേടിയെന്നും സ്റ്റാലിന് പറഞ്ഞു.

