ഫിലിപ്പീൻസിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ അറസ്റ്റിൽ

മനില/ന്യൂഡൽഹി: ഇന്റർപോളിന്റെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ട മൂന്നു ഖലിസ്ഥാൻ തീവ്രവാദികൾ ഫിലിപ്പീൻസിൽ അറസ്റ്റിലായി. മൻപ്രീത് സിങ്(23), അമൃതപാൽ സിങ്(24), അർഷ്ദീപ് സിങ് (26) എന്നിവർ ഈ മാസം ഏഴിനാണു പിടിയിലായത്. മധ്യ ഫിലിപ്പീൻ നഗരമായ ഇലോയിലോയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്തസേന ഇരച്ചുകയറുകയായിരുന്നു. ഫിലിപ്പീൻസ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ആൻഡ് കോർഡിനേറ്റിങ് സെന്റർ, മിലിട്ടറി ഇന്റലിജൻസ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.

നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിൽ (കെ.ടി.എഫ്) ഉൾപ്പെട്ടവരാണു പിടിയിലായ മൂവരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്റർപോളിന്റെ റെഡ് നോട്ടീസ് നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ട ഇവർ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഫിലിപ്പീൻസിലേക്കു കടന്നത്. സൈബർ ക്രൈം വിഭാഗത്തിന്റെ വിദഗ്ധ നിരീക്ഷണമാണ് ഇവരെ കുടുക്കിയത്. കൊലപാതകം, സ്‌ഫോടകവസ്തു നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഒളിവിൽ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിനെതിരേ പഞ്ചാബ് പോലീസ് കടുത്ത നടപടികൾ ആരംഭിച്ചിരിക്കുന്നതിനിടയിലാണ് ഫിലിപ്പീൻസിൽ കെ.ടി.എഫ്. അംഗങ്ങളുടെ അറസ്റ്റ്. യു.എ.പി.എ. നിയമപ്രകാരം ഇന്ത്യ നിരോധിച്ച ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന ഭീകര സംഘടനയുടെ ശാഖയായി 2011 ലാണ് കെ.ടി.എഫ്. നിലവിൽ വന്നത്. മറ്റൊരു നിരോധിതസംഘടനയായ ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സുമായി (ജെ.കെ.ജി.എഫ്) ബന്ധമുള്ളവർക്കെതിരേയും ഫിലിപ്പീൻസ് അന്വേഷണം നടത്തുന്നുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത്, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ജെ.കെ.ജി.എഫ്. ഉൾപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →