ബംഗളൂരു: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ആവശ്യപ്പെട്ടതുപോലെ മാപ്പുപറയണമെങ്കില്‍ താന്‍ ഒന്നുകൂടി ജനിക്കണമെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് കിട്ടിയാല്‍ തന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
”മുഖ്യമന്ത്രി എന്റെ അച്ഛനോ അമ്മാവനോ അല്ല. വെറും ക്രൈം പാര്‍ട്ണര്‍മാത്രമാണ്. എനിക്കെതിരേ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേസെടുത്താലും സ്വര്‍ണക്കടത്ത് കേസിന്റെ അവസാനം കാണാതെ അടങ്ങില്ല. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് എന്നെ അപമാനിക്കുന്നവര്‍ക്കെതിരേ കേസ് കൊടുക്കും. അഡ്വ. ഹക്‌സറിനെതിരേ കേസ് നല്‍കും. ഏതെങ്കിലും ഒരു കേസില്‍ എന്നെ അകത്താക്കുമെന്നാണു വിജേഷ് പിള്ള പറഞ്ഞത്.
ഷാജ് കിരണ്‍ ഒത്തുതീര്‍പ്പിനു വന്നപ്പോള്‍ പി.സി. ജോര്‍ജിനെയും എന്നെയും ചേര്‍ത്തു കേസെടുത്തു. ഇപ്പോള്‍ വീണ്ടും കേസെടുത്തു. ഇതിനു കാരണം, അവര്‍ക്ക് എന്തെല്ലാമോ ഒളിക്കാനുണ്ട് എന്നാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേസെടുത്താലും മരണം വരെ പോരടിക്കും. വിജേഷ് പിള്ളയ്‌ക്കൊപ്പം ബംഗളൂരുവിലെത്തിയ ആളിനെ വെളിപ്പെടുത്തില്ല. അതു ബംഗളൂരു പോലീസിന്റെ അന്വേഷണപരിധിയിലാണ്. അക്കാര്യം പറയേണ്ടത് അവരാണ്”- സ്വപ്‌ന വ്യക്തമാക്കി. മുമ്പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിജേഷ് പിള്ളയെ വിജയ് പിള്ള എന്നു പറഞ്ഞതില്‍ സ്വപ്‌ന വിശദീകരണം നല്‍കി. വന്നയാളുടെ ഫോണ്‍ നമ്പര്‍ ട്രൂകോളറിലുള്ളത് അഡ്വ. വിജയ് ആക്ഷന്‍ ഒ.ടി.ടി. എന്നാണ്. അതിനാല്‍, എനിക്കു വിജേഷ്, വിജയ് പിള്ളയുമാണ്. വിജേഷ് അല്ലെങ്കില്‍ വിജയ് പിള്ളയെന്നു പറയുന്നതില്‍ തെറ്റില്ല”സ്വപ്‌ന പറഞ്ഞു.

