തിരുവനന്തപുരം : തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഇടത് നിരീക്ഷകന് അഡ്വ. ബി.എന്‍.ഹസ്ക്കറിന് വക്കീല്‍ നോട്ടീസ് അയച്ചതായി സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഫെയ്സ്ബുക്കില്‍. ഒരാഴ്ചക്കുളളില്‍ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പുപറയാത്ത പക്ഷം കോടതിയില്‍ കേസ് കൊടുക്കുമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീര്‍ത്തിപരവുമായ കമന്റുകള്‍ ഞാന്‍ സഹിക്കില്ലെന്നും വിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് യുക്തി സാഹമായി അവസാനിക്കുന്നതുവരെ പോരാടുകയും ചെയ്യുെമന്നും അവര്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് തന്നോട് ചോദിച്ചതുപോലെ പണം ഒന്നും വേണ്ടെന്നും ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനുമുളള ലൈസന്‍സ് ആണെന്ന് കരുതുന്നവര്ക്കുളള ഒരു മുന്നറിയിപ്പു മാത്രമാണെന്നും സ്വപ്ന കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി.ഗോവിന്ദന് സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്ത്തിയുണ്ടാക്കിയെന്നാരോപിച്ചാണ് നോട്ടീസ് അയച്ചത്.
.

