ഇടുക്കി: വനംവകുപ്പിന്റെ കിടങ്ങ് നിര്‍മാണം 250ലേറെ കുടുംബങ്ങളെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാക്കുന്നു. ചോദ്യംചെയ്ത കര്‍ഷകര്‍ക്കുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്നും റോഡിലൂടെയാണ് കിടങ്ങ് നിര്‍മിച്ചതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. മണ്ണിടിച്ചിലിനു കാരണമായേക്കാവുന്ന കിടങ്ങ് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തഹസീല്‍ദാര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയിരുന്നു. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകര്‍ക്ക് എതിരേ നാട്ടുകാരുടെ രോഷം പ്രതിഫലിച്ചത്.
ബംഗ്ലാവുതറ 50ാംമൈലില്‍ വനംവകുപ്പ് കിടങ്ങ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. കാട്ടാനശല്യം ഒഴിവാക്കാനാണ് കിടങ്ങ് നിര്‍മിച്ചതെന്ന് വനംവകുപ്പ് പറയുന്നു. ‘ക്യാംപ് ഷെഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മാങ്കുളം ബംഗ്ലാവ് തറയില്‍ നടത്തിയ കിടങ്ങ് നിര്‍മാണം മൂലം 250ഓളം കുടുംബങ്ങള്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലകപ്പെടാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയപ്പോള്‍ ഡിഎഫ് പറഞ്ഞത് കേസെടുത്ത് അകത്താക്കുമെന്നാണെ’ന്ന് സിപിഐ മാങ്കുളം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് പറഞ്ഞു.

