കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ 13ന് കോടതിയില്‍ നല്‍കിയ അപേക്ഷയിലെ കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിയുന്നുവെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്). ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജമെന്നു സംശയമുണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും എസ്ഒഎസ് ആവശ്യപ്പെട്ടു.
രാവിലെ കോടതിയില്‍ കേസ് വിളിച്ചപ്പോള്‍തന്നെ പ്രതിഭാഗം അഭിഭാഷകന്‍ പ്രതിക്ക് അവധി നല്‍കണമെന്നു കാട്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയില്‍ പറഞ്ഞത് കോവിഡ് പരിശോധനയ്ക്കായി പ്രതിയുടെ സ്രവം എടുത്തുവെന്നാണ്. രാവിലെ 10.30നും 11നും ഇടയിലാണ് ഈ വിവരം കോടതിയെ ധരിപ്പിക്കുന്നത്. എന്നാല്‍, ടെസ്റ്റ് റിസല്‍ട്ട് പറയുന്നത് ടെസ്റ്റ് സാംപിള്‍ ശേഖരിച്ചത് അന്ന് (13.07.2020) 11.50ന് മാത്രമാണെന്നാണ്. സാംപിള്‍ ശേഖരിക്കുന്നതിന് മുമ്പുതന്നെ ശേഖരിച്ചു എന്നുപറഞ്ഞ് കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി എന്നര്‍ഥം.
ബിഷപ്പ് ഫ്രാങ്കോയെ ഉടന്‍ അറസ്റ്റ് ചെയ്ത് പൊലീസ് സംരക്ഷണത്തില്‍ കോവിഡ് പരിശോധന വീണ്ടും നടത്തണമെന്നും വേണ്ടിവന്നാല്‍ കോവിഡ് ആശുപത്രിയില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും എസ്ഒഎസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കോട്ടയം എസ്പിക്ക് ഉടന്‍ പരാതി നല്‍കുമെന്നും എസ്ഒഎസ് അറിയിച്ചു. കണ്‍വീനര്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍, ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി എന്നിവര്‍ അറിയിച്ചു.