ശക്തന്റെ മണ്ണിലേക്ക് അമിത് ഷാ: പ്രതീക്ഷയോടെ ബി.ജെ.പി.

തൃശൂര്‍: ശക്തന്റെ മണ്ണിലേക്ക് കേന്ദ്രമന്ത്രി അമിത് ഷാ എത്തുമ്പോള്‍ കാര്യങ്ങള്‍ മാറിമറയുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ ബി.ജെ.പി. നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു കൊല്ലം മാത്രം അവശേഷിക്കവെയാണ് അമിത് ഷാ തൃശൂരിലെത്തുന്നത്. ശക്തന്റെ സ്മരണകളുണര്‍ത്തിയാണ് തൃശൂരില്‍ അമിത് ഷായുടെ സന്ദര്‍ശനം. ബി.ജെ.പിയുടെ അനൗദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കം കൂടിയാകും കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. കേരളത്തിലും ഹിന്ദുത്വ ആശയത്തിലൂന്നിയുള്ള പ്രചാരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം കൂടിയാണ് ബി.ജെ.പി. വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. അതിന്റെ ഭാഗമാണ് അമിത് ഷായുടെ പരിപാടിയില്‍ ശക്തന്റെ സമാധിയിലെ പൂഷ്പാര്‍ച്ചന. ശക്തന്‍ സമാധിയില്‍ ആദരമര്‍പ്പിച്ചാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ തുടങ്ങുന്നത്. വടക്കുംനാഥ ക്ഷേത്ര സന്ദര്‍ശനവും കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

തൃശൂരിന്റെ ശില്‍പ്പിയായ ശക്തനെ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിച്ചിട്ടില്ലെന്ന നിലപാടാണ് ബി.ജെ.പിക്ക്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തൃശൂരിന്റെ വികസനത്തിനും സാംസ്‌കാരിക പുരോഗതിക്കും അടിത്തറയിട്ട വ്യക്തിയെന്ന നിലയ്ക്കാണ് ശക്തനെ അനുസ്മരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടോടെയാണ് അമിത് ഷാ തൃശൂരിലെത്തുക. ശോഭാ സിറ്റിയിലെ ഹെലിപാഡില്‍ ഇറങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ ഇറങ്ങുന്ന അദ്ദേഹത്തെ ഹെലിപാഡില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വാഹനമാര്‍ഗം തൃശൂലിലേക്ക് എത്തും. ശക്തന്‍ സമാധിയിലെ പുഷ്പാര്‍ച്ചനയോടെ പരിപാടി ആരംഭിക്കും. പിന്നീട് ജോയ്സ് പാലസില്‍ ബി.ജെ.പി. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി.ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കും. തേക്കിന്‍കാട് മൈതാനിയില്‍ തെക്കേ ഗോപുരനടയില്‍ വൈകിട്ട് നാലരയോടെ നടക്കുന്ന പൊതുസമ്മേളനത്തെയും അമിത് ഷാ അഭിസംബോധന ചെയ്യും. പൊതുസമ്മേളനത്തില്‍ 50,000ത്തോളം പാര്‍ പങ്കെടുക്കും. തുടര്‍ന്ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തും. പിന്നീട് നെടുമ്പാശേരിയിലേക്ക് യാത്ര തിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് തിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →