ന്യൂഡല്‍ഹി: ബംഗളൂരു എഫ്.സിക്കെതിരായ ഐ.എസ്.എല്‍. ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി തള്ളി.
മത്സരവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണു നടപടി. ബംഗളൂരു എഫ്.സിയുടെയും റഫറി ക്രിസ്റ്റല്‍ ജോണിന്റെയും വാദങ്ങള്‍ പരിശോധിച്ച ശേഷമാണു പരാതി അച്ചടക്ക സമിതി തള്ളിയത്. അച്ചടക്ക സമിതി വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബ്ലാസ്‌റ്റേഴ്‌സ് ടീമിനെതിരേ പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വന്നേക്കുമെന്നാണു വിവരം.
മത്സരം വീണ്ടും നടത്തണമെന്നും റഫറിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പരാതി നല്‍കിയത്. പ്രതികരണം നല്‍കാന്‍ ബംഗളൂരു എഫ്.സിയോടു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഭാഗത്തു തെറ്റില്ലെന്നു ബംഗളുരു വിശദീകരിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത ക്രിസ്റ്റല്‍ ജോണും ഗോള്‍ അനുവദിച്ച തന്റെ തീരുമാനം ശരിയാണെന്ന നിലപാടില്‍ ഉറച്ചുനിന്നു.

