ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്ബോള്‍ സീസണിലെ അവസാന എവേ മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്കു വമ്പന്‍ ജയം. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം സുദേവ ഡല്‍ഹിയെ 4-1 നാണു തോല്‍പ്പിച്ചത്.
11-ാം മിനിറ്റില്‍ സെര്‍ജിയോ മെന്‍ഡിയുടെ അത്യുഗ്രന്‍ ഫിനിഷിലൂടെ ഗോകുലം മുന്നിലെത്തി. വി.എസ്. ശ്രീക്കുട്ടന്റെ അസിസ്റ്റാണു ഗോളിനു വഴിവച്ചത്. സുദേവയുടെ നായകനും ഗോള്‍ കീപ്പറുമായ പ്രിയന്ത് കുമാര്‍ സിങ്ങിന്റെ തലയ്ക്കു മുകളിലൂടെ ലൂപ്പ് ചെയ്താണു സെര്‍ജിയോ ഗോകുലത്തിന്റെ ആദ്യ ഗോളടിച്ചത്. 15-ാം മിനിറ്റില്‍ അലക്സിസ് ഗോമസിലൂടെ സുദേവ സമനില ഗോളടിച്ചു. രണ്ടാം പകുതി തുടങ്ങി വൈകാതെ ഗോകുലം ലീഡ് തിരിച്ചു പിടിച്ചു. ഫര്‍ഷാദ് നൂറിന്റെ ക്രോസിനെ ഷില്‍ട്ടണ്‍ സിഡ്നി ഡി സില്‍വ ഹെഡറിലൂടെ ഗോളാക്കി.
ലീഡ് നേടിയതോടെ മത്സരം പൂര്‍ണമായും ഗോകുലത്തിന്റേതായി. 62-ാം മിനിറ്റില്‍ മൂന്നാം ഗോളെത്തി. നൗഫലിന്റെ അസിസ്റ്റിനെ ഫര്‍ഷാദ് നൂര്‍ ഗോളാക്കി. 87-ാം മിനിറ്റില്‍ അലക്സിസ് ഗോമസിന്റെ അപകടമാര ഫൗളിന് പെനാല്‍റ്റി. കിക്കെടുത്ത മെന്‍ഡിക്കു പിഴച്ചില്ല. ജയത്തോടെ ഗോകുലം കേരള 36 പോയിന്റുമായി മൂന്നാമത് നില്‍ക്കുകയാണ്. ഇന്നലെ വൈകിട്ടു നടന്ന മത്സരത്തില്‍ ട്രാവു 4-2 നു കെങ്ക്രിയെ തോല്‍പ്പിച്ചു. ദ് കൂപറേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ട്രാവുവിനു വേണ്ടി ബാറിങ്ദോ ബോഡോ ഇരട്ട ഗോളുകളും ഫെര്‍ണാണ്ടീഞ്ഞോ, ബുയാന് ന് സാംതെ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. കെങ്ക്രിക്കു വേണ്ടി ഫ്രാന്‍സിസ് എന്കുവു, സാമന്ദര്‍ ഒചിലോവ് എന്നിവര്‍ ഗോളടിച്ചു.
21 കളികളില്‍നിന്നു 16 പോയിന്റുമായി 11-ാം സ്ഥാനത്തുള്ള കെങ്ക്രിയും 13 പോയിന്റ് മാത്രമുള്ള സുദേവയും തരംതാഴ്ത്തപ്പെടും.
ഗോകുലത്തിന്റെ അവസാനത്തെ മത്സരം 12 നു കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തില്‍ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനുമായി നടക്കും.

