ഇസ്ലാമാബാദ്: തോഷാഖാനാ കേസില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാനെ പിടികൂടാനാകാതെ പോലീസ്. അറസ്റ്റ് ചെയ്യാനായി ലാഹോറിലെ വസതിയില്‍ എത്തിയ പോലീസിന് ഇമ്രാനെ കണ്ടെത്താനായില്ല. വിവരം അറിഞ്ഞ് പി.ടി.ഐ. അനുയായികള്‍ തടിച്ചുകൂടിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പോലീസ് മടങ്ങിയതിനുപിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ഇമ്രാന്‍, ഒരാള്‍ക്കുമുന്നിലും തലകുനിക്കില്ലെന്നു വ്യക്തമാക്കി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങള്‍ നിയമവിരുദ്ധമായി വിറ്റതാണ് ഇമ്രാനെതിരായ കേസിന് ആധാരം.
ലഭിക്കുന്ന പാരിതോഷികങ്ങള്‍ വെളിപ്പെടുത്തണമെന്നതാണു നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷാഖാന’ എന്ന സംവിധാനത്തിനു കൈമാറണം. താല്‍പര്യപ്പെടുന്നപക്ഷം 50 ശതമാനം വില നല്‍കി സ്വന്തമാക്കാം. ഇമ്രാനാകട്ടെ തനിക്കു ലഭിച്ച പാരിതോഷികങ്ങളില്‍ വിലപിടിപ്പുള്ളവ ആദ്യം തോഷാഖാനയ്ക്കു കൈമാറി. പിന്നീട് 20 ശതമാനം വിലകുറച്ച് വാങ്ങി മറിച്ചുവിറ്റെന്നാണ് ആക്ഷേപം. അഞ്ചരക്കോടിയോളം ഇന്ത്യന്‍ രൂപ വിലവരുന്ന പാരിതോഷികങ്ങളാണ് ഇമ്രാന്‍ ഈവിധത്തില്‍ വിറ്റു. കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതോടെ ഇസ്ലാമാബാദ് സെഷന്‍സ് കോടതി ഇമ്രാനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്ത് നാളെ കോടതിയില്‍ ഹാജരാക്കാനായിരുന്നു ഉത്തരവ്. ഇതു പാലിക്കാനാണ് പോലീസ് സംഘം ഇമ്രാന്റെ ലാഹോറിലെ വസതിയിലെത്തിയത്.
ഇസ്ലാമാബാദ് പോലീസിന്റെ നീക്കം മുന്‍കൂട്ടിയറിഞ്ഞ് ഇമ്രാന്റെ അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധവുമായി വസതിക്കുമുന്നില്‍ മുദ്രാവാക്യം വിളികളുമായി എത്തി. അറസ്റ്റ് പ്രതിരോധിക്കണമെന്ന പി.ടി.ഐ. നേതാക്കളുടെ ആഹ്വാനം സ്ഥിതിഗതികള്‍ വഷളാക്കി. പ്രതിഷേധം മറികടന്ന് പോലീസ് സംഘം വസതിക്കുള്ളില്‍ പ്രവേശിച്ചെങ്കിലും ഇമ്രാനെ കണ്ടെത്താനായില്ല. അറസ്റ്റ് ഒഴിവാക്കാന്‍ ഇമ്രാന്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പോലീസ് പിന്നീട് പറഞ്ഞു.
പോലീസ് മടങ്ങിയതിനുശേഷം ഇമ്രാന്‍ അണികള്‍ക്കുമുന്നിലെത്തി അവരെ അഭിസംബോധന ചെയ്തു. തനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും ആര്‍ക്കുമുന്നിലും കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് ഉച്ചകഴിഞ്ഞ് പത്രസമ്മേളനം വിളിച്ച ഇമ്രാന്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.