ന്യൂഡല്‍ഹി: സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഇടിച്ചിട്ട ട്രക്കിനടിയില്‍ വലിച്ചിഴച്ച മുത്തശ്ശനും കൊച്ചുമകനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഹാബയില്‍ കാന്‍പുര്‍ -സാഗര്‍ ഹൈവേയിലാണ് (എന്‍.എച്ച് 86) സംഭവം. ഉദിത് നാരായണ്‍ ചന്‍സോരിയ (67), പേരക്കുട്ടി സാത്‌വിക് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇരുവരും മാര്‍ക്കറ്റിലേക്കു സ്‌കൂട്ടറില്‍ പോകവെ അമിതവേഗതയില്‍ വന്ന വമ്പന്‍ ട്രിപ്പര്‍ ട്രക്ക് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയും രണ്ടുകിലോമീറ്ററോളം സ്‌കൂട്ടറും മൃതദേഹവുമായി സഞ്ചരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ട്രക്കിനടിയില്‍ തീപ്പൊരികളുമായി സ്‌കൂട്ടറും മൃതദേഹവും വലിഞ്ഞുപോകുന്ന ദൃശ്യങ്ങളും, ട്രക്കിനൊപ്പം ബൈക്ക് യാത്രികര്‍ ഡ്രൈവറെ വിവരം ധരിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പിന്നീട് വഴിയാത്രക്കാര്‍ റോഡില്‍ കല്ലും മറ്റും കൂട്ടിയിട്ട് തടഞ്ഞതോടെയാണ് ട്രക്ക് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. സ്‌കൂട്ടറില്‍ മാര്‍ക്കറ്റിലേക്കു പോകവെയാണു വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചത്. ഉദിത് നാരായണ്‍ തല്‍ക്ഷണം മരിച്ചു. സാത്‌വിക്കിനെയും സ്‌കൂട്ടറിനെയും ട്രക്ക് രണ്ടു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി. ഇയാള്‍ക്ക് നാട്ടുകാരുടെ മര്‍ദനമേറ്റു. പോലീസ് ട്രക്ക് പിടിച്ചെടുത്ത് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.

