മോഹന്‍ലാലില്‍നിന്നു തേടിയത് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ വരുമാനക്കണക്കിന്റെ വിശദാംശങ്ങള്‍

കൊച്ചി: മോഹന്‍ലാലില്‍നിന്നു ആദായനികുതി വകുപ്പ് വിശദീകരണം തേടിയതു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എല്ലാദിവസവും വാട്‌സ്ആപ്പ് വഴി കൈമാറിയിരുന്ന വരുമാന കണക്കിന്റെ വിശദാംശങ്ങളെപ്പറ്റി.
തിയറ്ററുകളിലെ ടീ- സ്‌നാക്‌സ് കിയോസ്‌കുകളിലെ പ്രതിദിന വിറ്റുവരവിന്റെ വിശദാംശങ്ങളാണു കണക്കില്‍പെടാത്തതായി ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഈ വരുമാനം മോഹന്‍ലാല്‍ റിട്ടേണില്‍ കാണിച്ചിരുന്നില്ലെന്നാണു സൂചന. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതും മോഹന്‍ലാലില്‍നിന്നു വിശദീകരണം തേടിയതും. തന്റെ ഭാര്യയാണു തിയറ്ററുകളുടെ കാര്യം ശ്രദ്ധിക്കുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ എല്ലാദിവസവും കിയോസ്‌കുകളിലെ വരുമാനം അവരുടെ വാട്സ് ആപ്പിലൂടെ അയച്ചുകൊടുക്കുക പതിവാണെന്നും മോഹന്‍ലാല്‍ വിശദീകരിച്ചുവെന്നുമാണു വിവരം. റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ഈ വരുമാനം സൂചിപ്പിക്കാന്‍ വിട്ടുപോവുകയായിരുന്നു.

കഴിഞ്ഞ 17 നു കൊച്ചി കുണ്ടന്നൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു മോഹന്‍ലാലിന്റെ മൊഴി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. 2022 ഡിസംബറില്‍ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുള്‍പ്പെടെയുള്ള സിനിമാ നിര്‍മ്മാതാക്കളുടെ വസതികളിലും ഓഫീസുകളിലും നികുതി വെട്ടിപ്പ്, കണക്കില്‍പ്പെടാത്ത പണമിടപാടുകള്‍, വിദേശത്തെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം എന്നിവയ്ക്കായി നടത്തിയ പരിശോധനയുടെ തുടര്‍നടപടിയായിരുന്നു ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →