കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക, വിമതപക്ഷക്കാര്‍ കല്ലും കമ്പിവടിയുമായി തെരുവില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഏഴുപേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അഞ്ചുപേര്‍ അറസ്റ്റില്‍.
രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. രാമങ്കരി ഏരിയാ കമ്മിറ്റി അംഗവും വിമതവിഭാഗം നേതാവുമായ അജിത്തുമായി മുന്‍വൈരാഗ്യമുള്ള ബിബിനെ ഒരു സംഘം ഞായറാഴ്ച വൈകിട്ട് മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനില്‍ മര്‍ദിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം.
അക്രമിസംഘത്തില്‍പ്പെട്ട കിഷോറിനെയും കൂട്ടരെയും രാമങ്കരിയില്‍ വച്ച് ശരവണനും രഞ്ജിത്തും ചോദ്യം ചെയ്തതും സംഘര്‍ഷമായി. കല്ലും കമ്പിവടിയുമുപയോഗിച്ചു നടന്ന ആക്രമണത്തില്‍ ശരവണനും രഞ്ജിത്തും കിഷോറിനും തലയ്ക്കു ഗുരുതര പരുക്കേറ്റു. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചത് ലഹരി മാഫിയാ സംഘമാണെന്നും പാര്‍ട്ടിയിലെ ആര്‍ക്കും ബന്ധമില്ലെന്നും സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സംഭവം രാമങ്കരിയില്‍ നിന്നുള്ള വിമത നേതാക്കളായ അജിത്, പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നടന്ന ക്വട്ടേഷനാണെന്ന് പരുക്കേറ്റ ഡി.വൈ.എഫ്.ഐ നേതാവ് രഞ്ജിത്ത് പരസ്യമായി പ്രതികരിച്ചു. വേഴപ്ര കോളനി 145-ല്‍ കിഷോര്‍ (44), കാപ്പിശേരില്‍ സജികുമാര്‍ (47), കാപ്പിശേരില്‍ ചന്ദ്രന്‍ (72), കുഴിക്കാല കോളനി-15 ലൈജപ്പന്‍ (48), പുന്നപ്പറമ്പില്‍ ലക്ഷംവീട്ടില്‍ അനീഷ് (43) എന്നിവരാണ് അറസ്റ്റിലായത്. നിലവില്‍ മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കിഷോറിന്റെ തലയ്ക്കു പരുക്കേറ്റ സംഭവത്തില്‍ ശരവണനെയും രഞ്ജിത്തിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

