ക്ഷേത്ര ഭരണം ആരെ ഏൽപ്പിച്ചാലും നിലവറയിലെ സമ്പത്തുകൾ അന്യാധീനമാക്കാൻ കഴിയുകയില്ല

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണാവകാശം ആർക്ക് എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ വിധി വന്നു. ക്ഷേത്രത്തിലെ നിലവറകളിൽ കണ്ടെത്തിയ സമ്പത്തുകൾ ആണ് ഇപ്പോൾ ക്ഷേത്രഭരണം സംബന്ധിച്ച കാര്യത്തെക്കാൾ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്.

സർക്കാരിൻറെ ഖജനാവിനേക്കാൾ സമ്പത്താണ് നിധിശേഖരം കൊണ്ട് സമൃദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ എന്ന് ലോകം മുഴുവൻ പ്രചരിച്ച കാര്യമാണ്. ഭരണത്തിലുള്ള പങ്കാളിത്തമോ ഭരണം തന്നെയോ ആരിലായാലും ക്ഷേത്ര സമ്പത്തുകൾ അന്യാധീനമാക്കുവാൻ ആർക്കും അവകാശമില്ല എന്നുള്ളതാണ് ഇതുസംബന്ധിച്ച നിയമം.

ഇഷ്ടദേവതയുടെ പൂജ കാര്യങ്ങൾക്കായി സമ്പത്തുകൾ നിക്ഷേപിക്കുകയും അതനുസരിച്ച് കാര്യങ്ങൾ നിർവഹിക്കുവാൻ ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവങ്ങളിൽ പിൽക്കാലത്ത് തർക്കങ്ങൾ ഉടലെടുക്കുകയുണ്ടായി. ജന്മിമാരും രാജാക്കന്മാരും കച്ചവട പ്രമാണിമാരും കച്ചവട സംഘങ്ങളും ഒക്കെയായിരുന്നു ഈ വിധത്തിൽ മൂർത്തികളുടെ പൂജയ്ക്കും കാര്യങ്ങൾക്കുമായി സമ്പത്തുകൾ നിക്ഷേപിച്ച് ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. ക്ഷേത്രങ്ങൾ സ്ഥാപിച്ചവരുടെ പിന്മുറക്കാർ ഇവ പരിപാലിച്ചു വരികയും സ്വത്തുക്കൾ കൈയടക്കുകയും തെറ്റായ കാര്യങ്ങൾക്ക് അത് വിനിയോഗിക്കുകയും ചെയ്തതോടുകൂടി തർക്കങ്ങൾ ഉടലെടുത്തു. ആയിരക്കണക്കിന് തർക്കങ്ങളാണ് ഇന്ത്യയിലെമ്പാടും ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായത്. ബ്രിട്ടീഷ് കൗൺസിലിൻറെ നിരവധി വിധികൾ ഇതുസംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ഈ വിധികളുടെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ കോടതികൾ വിധി പറഞ്ഞിട്ടുള്ളത്.

ഏറ്റവുമൊടുവിൽ വിവാദമായ ബാബറിമസ്ജിദ് രാമജന്മഭൂമി കേസ് വിധിയിലും സുപ്രീം കോടതിയുടെയും പ്രിവി കൗൺസിലിന്റേയും തീർപ്പുകൾ അവലംബിച്ചിരുന്നു. ഏതോ ഒരു കാലത്ത് ഏതോ ഒരാൾ ഒരു മൂർത്തിയുടെ പരിപാലനത്തിനു വേണ്ടി കുറെ സമ്പത്തുകൾ ദാനം ചെയ്ത് ഒരു ക്ഷേത്രം രൂപീകരിക്കുമ്പോൾ അതിൻറെ കൈകാര്യ അവകാശം ആരെ ചുമതലപ്പെടുത്തിയാലും, അനന്തര തലമുറകളിലേക്ക് ആ ചുമതല കൈമാറ്റം ചെയ്യപ്പെടും എന്നല്ലാതെ സമ്പത്തുകൾ കൈമാറപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സമ്പത്തുകൾ മൂർത്തിയുടെ ആവശ്യങ്ങൾക്കുവേണ്ടി അല്ലാതെ വിനിയോഗിക്കുവാൻ പാടില്ല. തലമുറകളായി തിരുവിതാംകൂർ രാജകുടുംബത്തിന് ഉണ്ടായിരുന്ന അവകാശങ്ങൾ ഈ വിധത്തിൽ ക്ഷേത്ര കാര്യത്തിൽ സുപ്രീംകോടതി പുനസ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ.

കോടതി നിർദേശപ്രകാരം രൂപീകരിക്കുന്ന സ്ഥിരം സമിതിയിൽ രാജകുടുംബത്തിനും പ്രാതിനിധ്യം ഉണ്ടാവും. ശ്രീപത്മനാഭസ്വാമിയുടെ ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് ക്ഷേത്രം നടത്തിക്കൊണ്ടുപോകുന്ന സ്ഥിരം സമിതി ഉണ്ടാവും. കോടതി വിധിക്ക് വിധേയമായി ആയിരിക്കും രൂപീകരിക്കുക. അയോധ്യ കേസിൽ ഇത്തരമൊരു സമിതി രൂപീകരിക്കുവാൻ കേന്ദ്ര സർക്കാരിനോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →