മുംബൈ: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര മത്സരഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്നം കാണുന്ന ടീമുകള്‍ക്കും നിര്‍ണായകം. ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കുംപുറമേ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഫൈനല്കടമ്പയ്ക്ക് അരികെയുള്ളത്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഓസ്ട്രേലിയ ഫൈനല്‍ ഏതാണ്ട് ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കൊപ്പം ലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും സാധ്യതകള്‍ അസ്തമിച്ചിട്ടില്ലെന്നതാണ് ഇനി നടക്കുന്ന മത്സരഫലങ്ങള്‍ നിര്ണായകമാക്കുന്ന ഘടകം. ഫൈനലിനു മുമ്പ് ഇന്ത്യ-ഓസ്ട്രേലിയ (നാല് മത്സരങ്ങള്‍), ന്യൂസിലന്‍ഡ്-ശ്രീലങ്ക (രണ്ടു മത്സരം), വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക (രണ്ട് മത്സരം) പരമ്പരകളാണ് ശേഷിക്കുന്നത്.
- ഓസ്ട്രേലിയ
ഇന്നു തുടക്കമാകുന്ന ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ആദ്യമത്സരത്തിനുമുമ്പേതന്നെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഏതാണ്ട് ഉറപ്പിച്ചെന്നു പറയാം. പോയിന്റ് പട്ടികയില്‍ നിലവില്‍ ആദ്യസ്ഥാനത്താണ് ഓസീസ്. 75.56% പോയിന്റാണ് അവരുടെ സമ്പാദ്യം. എന്നാല്‍, ഇന്ത്യക്കെതിരായ പരമ്പരയിലെ നാലു മത്സരങ്ങളും തോറ്റാല്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലിലാകും. ഇതിനൊപ്പം ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരപരമ്പര ശ്രീലങ്ക തൂത്തുവാരുകയും വേണം. നിലവിലെ ടീമുകളുടെ പ്രകടനം കണക്കിലെടുത്താല്‍ അതിനുള്ള സാധ്യത വിദൂരമാണ്. ഇനി അതു സംഭവിച്ചാല്‍ ഓസ്ട്രേലിയയുടെ പോയിന്റ് 59.65 ശതമാനത്തിലേക്കു താഴും. ഒപ്പം ന്യൂസിലന്‍ഡിലെ ജയം 61.11% പോയിന്റുമായി ഇന്ത്യക്കെതിരേ ലോക ടെസ്റ്റ് കലാശത്തിന് ശ്രീലങ്കയെ യോഗ്യരാക്കുകയും ചെയ്യും. 15 കളിയില്‍ 10 ജയം, ഒരു തോല്‍വി, നാലു സമനില ഉള്‍പ്പെടെ 136 പോയിന്റാണ് ഓസ്ട്രേലിയക്കുള്ളത്.
- ഇന്ത്യയുടെ സാധ്യത
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 4-0, 3-0, 3-1 എന്നീ നിലകളില്‍ സ്വന്തമാക്കാനായാല്‍ നിലവില്‍ 58.93% പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഫൈനല്‍ കളിക്കും. പരമ്പര 2-2 ന് സമനിലയില്‍ അവസാനിക്കുകയും ശ്രീലങ്ക 2-0 ന് കിവീസിനെ കീഴടക്കുകയും ചെയ്താല്‍ ഇന്ത്യ കലാശം കാണില്ല.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പര 1-1ന് സമനിലയിലാകുകയും വെസ്റ്റിന്‍ഡീസിനെതിരേ സ്വന്തം തട്ടകത്തില്‍ നടക്കുന്ന പരമ്പര ദക്ഷിണാഫ്രിക്ക 2-0 ന് കൈപ്പിടിയിലാക്കുകയും ചെയ്താലും ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിനു തടസമാകും. 14 മത്സരങ്ങളില്‍ എട്ടു ജയം, നാലു തോല്‍വി, രണ്ട് സമനില ഉള്‍പ്പെടെ 99 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം.
- ലങ്കന്‍ മോഹങ്ങള്‍
ന്യൂസിലന്‍ഡിനെ അവരുടെ മണ്ണില്‍ 2-0 ന് കീഴടക്കുകയെന്ന ഹിമാലയന്‍ ദൗത്യത്തെ ആശ്രയിച്ചിരിക്കും ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം. അതു മാത്രം പോരാ; ഇന്ത്യ 4-0 ന് ഓസ്ട്രേലിയയെ കീഴടക്കുകയോ ഇന്ത്യ പരമ്പര തോല്‍ക്കുകയോ ഇതുടീമുകളും തുല്യത പാലിക്കുകയോ ചെയ്യുകയും വേണം. കിവികള്‍ക്കെതിരായ പരമ്പര 1-1 ന് സമനിലയിലായാല്‍ ഓസ്ട്രേലിയയോട് ഇന്ത്യ 1-3, 0-1 എന്ന നിലയില്‍ കീഴടങ്ങിയാല്‍ മാത്രമേ ലങ്കയുടെ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാകൂ. ഇതിനൊപ്പം വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര 1-0 ന് ദക്ഷിണാഫ്രിക്ക വിജയിക്കുകയും വേണം. 10 കളിയില്‍ അഞ്ചു ജയം, നാലു തോല്‍വി, ഒരു സമനില ഉള്‍പ്പെടെ 64 (53.33%)പോയിന്റുള്ള ശ്രീലങ്ക നിലവിലെ പോയിന്റ്പട്ടികയില് മൂന്നാം സ്ഥാനത്താണ്.
- ദക്ഷിണാഫ്രിക്ക
സ്വന്തം വിജയത്തിനൊപ്പം ഇതരടീമുകളുടെ മത്സരഫലത്തെയും ആശ്രയിച്ചാണ് 48.72% പോയിന്റുമായി നാലാമതുള്ള ദക്ഷിണാഫ്രിക്കയുടെ സാധ്യത. നാട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടുമത്സര പരമ്പര അവര്‍ക്കു തൂത്തുവാരണം. ഒപ്പം ന്യുസിലന്ഡിനെതിരേ ശ്രീലങ്ക രണ്ടു മത്സരങ്ങളും തോല്‍ക്കുകയോ ഒന്നില്‍ ജയിക്കുകയോ വേണം. കൂടാതെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ സമ്പാദ്യം 20 പോയിന്റില്‍ താഴെയാകണം. അതിനായി ഒന്നുകില്‍ ഇന്ത്യ പരമ്പര അടിയറവയ്ക്കണം. അല്ലെങ്കില്‍ മത്സരഫലം 1-1-ല്‍ അവസാനിക്കണം. ഈ അനുകൂലഘടകങ്ങളെല്ലാം ഒത്തുവന്നാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിനു യോഗ്യരാകും. 13 മത്സരങ്ങളില്‍ ആറുവീതം ജയവും തോല്‍വിയും ഒരു സമനില എന്നിവയില്‍നിന്നു ലഭിച്ച 76 (48.72%) പോയിന്റ് ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലുണ്ട്.
- ഇതരടീമുകള്
22 മത്സരം കളിച്ചെങ്കിലും 46.97% മാത്രം പോയിന്റുള്ള ഇം ണ്ടാണു പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍. ഇംഗ്ലീഷുകാരുടെ ഫൈനല്‍ പ്രവേശം അവസാനിച്ചുകഴിഞ്ഞു. വെസ്റ്റിന്‍ഡീസ്, പാകിസ്താന്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളും ഓട്ടത്തില്‍നിന്നു പുറത്തായി.

