ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതിരിക്കുന്ന മോദിയെ ”മൗനി ബാബ” എന്നാണ് ഖാര്‍ഗെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച് രാജ്യസഭാ ചെയര്‍മാനായ ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നു. ഇത്തരം പരാഗര്‍ശം അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലായെന്നായിരുന്നു ഖാര്‍ഗയെ താക്കീത് ചെയ്തുകൊണ്ട് ഉപരാഷ്ട്രപതിയുടെ പ്രതികരണം. ” ഞാന്‍ ചോദിക്കാനാഗ്രഹിക്കുകയാണ്, എന്തിനാണ് പ്രധാനമന്ത്രി ഇത്രയും മൗനിയാകുന്നത്. നിങ്ങള്‍ എല്ലാവരെയും എന്തിനാണ് ഭയക്കുന്നത്. നിങ്ങള്‍ വ്യവസായികളെ എന്തിനാണ് പേടിക്കുന്നത്”- ഖാര്‍ഗെ പറഞ്ഞു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
എന്നാല്‍ സഭയില്‍ നമ്മള്‍ ബഹുമാനിക്കേണ്ടവരെ നമ്മള്‍ ബഹുമാനിക്കുക തന്നെവേണമെന്നും, ഒരു മുതിര്‍ന്ന അംഗമെന്ന നിലയില്‍ അത്തരം കടമള്‍ കൃത്യമായി അനുവര്‍ത്തിക്കാന്‍ താങ്കള്‍ ബാധ്യസ്തനാണെന്നും ഖാര്‍ഗെയ്ക്കു ധന്‍കര്‍ മറുപടി നല്‍കി.

