തിരുവനന്തപുരം: ലക്ഷങ്ങള്‍ ശമ്പളക്കുടിശിക വാങ്ങാന്‍ നടത്തിയ നീക്കം, പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തിലെ പിശക് എന്നിവയ്ക്കു പിന്നാലെ, സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദക്കുരുക്കില്‍. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ചിന്ത കൊല്ലം ജില്ലയിലെ നക്ഷത്ര റിസോര്‍ട്ടില്‍ കുടുംബസമേതം ഒന്നരവര്‍ഷത്തിലേറെ താമസിച്ചെന്ന ആരോപണം പാര്‍ട്ടിക്കു പുതിയ തലവേദനയായി.
കൊല്ലം തങ്കശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്നുമുറികളുള്ള അപ്പാര്‍ട്ട്മെന്റില്‍ ചിന്ത ഒന്നരവര്‍ഷത്തിലേറെ താമസിച്ചെന്നാണു യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം 8500 രൂപയാണു വാടക. ഈയിനത്തില്‍ 38 ലക്ഷത്തോളം രൂപ ചിന്ത ചെലവഴിച്ചെന്നും അവരുടെ സാമ്പത്തികസ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സ് ഡയറക്ടര്‍ക്കും എന്ഫോഴ്സ്മെന്റ്ഡയറക്ടര്ക്കും പരാതി നല്കി.