തൃശൂര്‍: തൃശൂര്‍ അയ്യന്തോളിലെ ഫ്ളാറ്റില്‍വച്ച് സതീശനെ ക്രൂരമായി മര്‍ദിച്ചുകൊന്നത് അവിടുത്തെ അധോലോക പ്രവര്‍ത്തനങ്ങള്‍ പുറത്തറിയാതിരിക്കാനെന്ന് കുറ്റപത്രം. 2016 മാര്‍ച്ച് മൂന്നിനായിരുന്നു അയ്യന്തോള്‍ ഫ്ളാറ്റില്‍ കൊലപാതകം നടന്നത്. പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തിരു-കൊച്ചി ബാങ്കില്‍ ജോലി ശരിയാക്കാമെന്ന് സുഹൃത്ത് റഷീദ് സതീശന് ഉറപ്പുനല്‍കിയിരുന്നു. കൊടൈക്കനാലിലെ ഡിജെ പാര്‍ട്ടിക്കുശേഷം കാമുകി ശാശ്വതിയുമൊന്നിച്ച് റഷീദ് അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ളാറ്റിലെത്തി.
അടുത്ത ദിവസം ജോലി ശരിയാക്കാമെന്നും പണം ഉടന്‍ എത്തിക്കണമെന്നും റഷീദ് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍പോയി പണവുമായി സതീശന്‍ തിരിച്ച് ഫ്‌ളാറ്റിലെത്തി. ഫ്‌ളാറ്റ് അധോലോക ഏര്‍പ്പാടുകളുടെ കേന്ദ്രമാണെന്നു മനസിലാക്കിയ സതീശന്‍ ഈ വിവരം മറ്റൊരു സുഹൃത്തിനെ ഫോണില്‍ അറിയിച്ചു. ഇത് റഷീദിന് മനസിലായി.
പിന്നീട് സതീഷിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിക്കുമ്പോഴെല്ലാം റഷീദാണ് ഫോണെടുത്തിരുന്നത്. ഫ്ളാറ്റില്‍ നടക്കുന്ന രഹസ്യങ്ങള്‍ ചോര്‍ന്നുവെന്ന ധാരണയില്‍ സതീശനെ ഭക്ഷണവും വെള്ളവും നല്‍കാതെ രണ്ടുദിവസം ബാത്ത്റൂമില്‍ പൂട്ടിയിട്ടു. സതീഷിനെ നിരീക്ഷിക്കാന്‍ റഷീദ് ഒന്നാംപ്രതി കൃഷ്ണപ്രസാദ് എന്നായാളെ ചുമതലപ്പെടുത്തി. പിന്നീട് റഷീദിന്റെ നിര്‍ദേശപ്രകാരം കൃഷ്ണപ്രസാദും ശാശ്വതിയും ചേര്‍ന്ന് സതീശനെ ബാത്ത്റൂമില്‍നിന്ന് പുറത്തിറക്കി ക്രൂരമായി മര്‍ദിച്ചു.
ഭക്ഷണവും വെള്ളവും നല്‍കാതെയുള്ള മര്‍ദനമുറകളെ തുടര്‍ന്ന് സതീശന്‍ മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റഷീദിന് കുഴല്‍പ്പണ ഇടപാടുണ്ടെന്നും പിടിച്ചുപറി, ക്വട്ടേഷന്‍ എന്നിവ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

