തിരുവനന്തപുരം; സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന ട്രക്ക്, ടിപ്പറുകളുടെ കാര്യത്തില്‍ കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നു ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ച വാഹനസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ട്രക്കുകളും ടിപ്പറുകളും സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യരുതെന്നു കഴിഞ്ഞ ഡിസംബര്‍ 13-നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന് ഇടക്കാലവിധി പുറപ്പെടുവിച്ചിരുന്നു.
െലെസന്‍സ് ഇല്ലാത്ത വാഹന ബോഡി നിര്‍മാതാക്കള്‍ അതിനെതിരേ അപ്പീല്‍ നല്കി. ഇതേത്തുടര്‍ന്നാണു കേന്ദ്രമാനദണ്ഡങ്ങള്‍ രണ്ടുമാസത്തിനകം സംസ്ഥാനത്തു നടപ്പാക്കാന്‍ ജസ്റ്റിസ് അമിത് റാവല്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനു കര്‍ശനനിര്‍ദേശം നല്‍കിയത്.
കോടതി വിധിയേത്തുടര്‍ന്ന് സംസ്ഥാനത്തു ട്രക്ക്, ടിപ്പര്‍ രജിസ്ട്രേഷന് മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ചാലേ ആര്.ടി.ഒമാര്‍ തുടര്‍നടപടി സ്വീകരിക്കൂ. ടിപ്പര്‍ ബോഡി നിര്‍മാണത്തിന് എ.ഐ.എസ്: 093 ടൈപ്പ് അംഗീകാരവും ക്യാബിന് നിര്‍മാണത്തിന് എ.ഐ.എസ്: 029 ടൈപ്പ് അംഗീകാരവും വേണമെന്നിരിക്കേ, യാതൊരു മാനദണ്ഡവും പാലിക്കാതെ ചെറുകിട വര്‍ക്ഷോപ്പുകളില്‍നിന്നു ദിനംപ്രതി നൂറുകണക്കിനു ട്രക്കുകളും ടിപ്പറുകളുമാണു പുറത്തിറക്കിയിരുന്നത്.
ഇവ തുടര്‍ച്ചയായി അപകടങ്ങളില്‍പ്പെടുന്ന സാഹചര്യത്തിലാണു കേന്ദ്രനിര്‍ദേശം പാലിക്കുന്ന ബോഡി നിര്‍മാണക്കമ്പനി അഡ്വ. ദിനേശ് മേനോന് മുഖേന ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍, കേന്ദ്ര ലൈസന്‍സ് ഇല്ലാത്ത സ്ഥാപങ്ങളില്നിന്നു ബോഡി നിര്‍മിച്ചിറക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് പാടില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു.

