പട്‌ന: ബിഹാറില്‍ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ വയോധികനെ വലിച്ചിഴച്ചു കൊണ്ടുപോയത് എട്ടുകിലോമീറ്റര്‍. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ ദേശീയപാത 27 ലാണ് സംഭവം. അപകടത്തില്‍ ബംഗ്ര സ്വദേശി ശങ്കര്‍ ചൗധുര്‍ (70) അതിദാരുണമായി കൊല്ലപ്പെട്ടു.
സൈക്കിള്‍ യാത്രികനായ ശങ്കര്‍, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗോപാല്‍ഗഞ്ച് ടൗണില്‍ നിന്നും അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബോണറ്റില്‍ വീണ ശങ്കര്‍ ഉടന്‍തന്നെ വൈപ്പറില്‍ പിടിച്ചു നിലവിളിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയാറായില്ല. വന്ന സ്പീഡില്‍ തന്നെ ശങ്കറിനെയും കൊണ്ട് എട്ട് കിലോമീറ്റര്‍ പായുകയായിരുന്നു. ആളുകള്‍ പിന്തുടരുന്നത് കണ്ടതോടെ കാര്‍ കദം ചൗക്കിനുസമീപം നിര്‍ത്തി. ശങ്കര്‍ നിലത്തുവീഴുകയും സംഭവസ്ഥലത്തുവച്ച് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പിപ്രകോതി പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

