കൊച്ചി: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ ദലിത് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുകാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.ബി.ഐയുടെ വിശദീകരണം തേടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടികളുടെ അമ്മ അഡ്വ. പി.വി. ജീവേഷ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷംപരിഗണിക്കാന്‍ മാറ്റി.
അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ദുരുദ്ദേശ്യത്തോടെയാണു നടപടിയെടുക്കുന്നതെന്നു ഹര്‍ജിയില്‍ ആരോപിച്ചു. സംഭവത്തില്‍ അശ്ലീലചിത്ര നിര്‍മാണ മാഫിയയുടെ പങ്ക് അന്വേഷിക്കണം. പ്രതികളെ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടില്ല. പ്രതിയായ പ്രദീപിന്റെയും സംശയനിഴലിലായിരുന്ന ജോണ്‍ പ്രവീണിന്റെയും മരണത്തെക്കുറിച്ച് അന്വേഷിക്കണം. പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടാനുള്ള സാധ്യത അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

