അർബൻ നിധി നിക്ഷേപ തട്ടിപ്പ്: രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി, പ്രതി ഒളിവിൽ

കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. പ്രതികൾ ശ്രമിച്ചത് സമാന്തര സാമ്പത്തിക മേഖല സൃഷ്ടിക്കാനെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ അജിത്ത് കുമാർ വാദിച്ചു. പ്രധാന പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള വാ​ദം കോടതി അം​ഗീകരിച്ചു. ഒളിവിൽ കഴിഞ്ഞാണ് പ്രതി മുൻകൂർ ജാമ്യം നൽകിയത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. രാജ്യത്തിന് പുറത്തു നിന്നും വൻ തോതിൽ സ്ഥാപനത്തിലേക്ക് പണം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹവാല ഇടപാടുകൾ നടന്നതായുള്ള സംശയത്തിലേക്ക് പൊലീസ് എത്തുന്നത്. ഇതിനു മുൻപ് ഇ ഡി യുടെ അന്വേഷണം നടന്നിട്ടുള്ളതും സംശയം ബലപ്പെടുത്തുന്നു. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിന്റെ സഹായത്തോടെ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് സംസ്ഥാന പൊലീസ് ശ്രമിക്കുന്നത്. കള്ളം പണം വെളുപ്പിക്കാൻ കണ്ണൂർ അർബൻ നിധിയും സഹ സ്ഥാപനമായ എനി ടൈം മണിയും ഡയറക്ടർമാർ ഉപയോഗിച്ചോ എന്ന കാര്യവും പരിശോധിക്കുകയാണ്. ഇതിനിടെ കൂടുതൽ ജീവനക്കാരെയും ഒളിവിൽ പോയ എനി ടൈം മണിയുടെ ഡയറക്ടർ ആന്റണിയെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടി പൊലീസ് തുടങ്ങിയതിനിടയിലായിരുന്നു മുൻകൂ‍ർ ജാമ്യാപേക്ഷയുമായി ഇയാൾ കോടതിയെ സമീപിച്ചത്. 

കേസിലെ പ്രതികളായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 12% പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. 5300 രൂപ മുതൽ, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറയുന്നു.

2020ൽ ആണു കമ്പനി തുടങ്ങിയത്. 2022 ഓഗസ്റ്റ് വരെ ജീവനക്കാർക്കു ശമ്പളവും നിക്ഷേപകർക്കു പലിശയും കൃത്യമായി നൽകിയിരുന്നതായാണു വിവരം. അതിന് ശേഷം എങ്ങനെയാണ് തട്ടിപ്പ് തുടങ്ങിയത് എന്നതിനെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരുമായ ജീനയെയും 17/01/23 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →