ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ കൈക്കൂലി കമ്മിഷണര്‍ ഹൈക്കോടതി രജിസ്ട്രാറുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ ഹൈക്കോടതി അഭിഭാഷക സംഘടനാ നേതാവ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു സിറ്റി പോലീസ് കമ്മിഷണര്‍ ഹൈക്കോടതി രജിസ്ട്രാറുമായി കൂടിക്കാഴ്ച നടത്തി.

ഹൈക്കോടതി ഫുള്‍കോര്‍ട്ട് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഏറ്റെടുത്തിരുന്നു. അന്വേഷണം ഏതു രീതിയിലായിരിക്കുമെന്നതു സംബന്ധിച്ചാണു കൂടിക്കാഴ്ച എന്നാണു സൂചന. വഞ്ചനാ കുറ്റമാണു ചുമത്തിയിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു ജഡ്ജിയില്‍ നിന്നുള്‍പ്പെടെ മൊഴിയെടുക്കേണ്ടയായി വരും. ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമുണ്ട്.
അഭിഭാഷകനെതിരേ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി രജിസ്ട്രാറാണു ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആരോപണം പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മനസിലാക്കിയാണു പോലീസിനു കൈമാറിയത്. പോലീസ് അന്വേഷണത്തില്‍ ആരോപണത്തില്‍ വാസ്തവമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ കേസെടുക്കും.

അതേസമയം, അഭിഭാഷകനില്‍ നിന്നു പോലീസ് മൊഴിയെടുക്കും. മൊഴിയെടുക്കുന്നതിനു ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കും. ബലാത്സംഗക്കേസില്‍ പ്രതിയായ സിനിമാനിര്‍മ്മാതാവിനു മുന്‍കൂര്‍ജാമ്യത്തിനായി, കേസ് പരിഗണിച്ച ജഡ്ജിക്കു നല്‍കാനെന്ന പേരില്‍ 25 ലക്ഷം രൂപ അഭിഭാഷകന്‍ വാങ്ങിയെന്നാണ് ആരോപണം. സിനിമാ നിര്‍മ്മാതാവിന്റെയും അഭിഭാഷകന്റെ രണ്ടു ജൂനിയര്‍ അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കി തുടങ്ങിയതായി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്കു കൈമാറും.

മാസങ്ങള്‍ക്കുമുമ്പാണ് സിനിമാ നിര്‍മ്മാതാവ് പ്രതിയായ ബലാത്സംഗക്കേസ് സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെയാണു കൈക്കൂലി ആരോപണം ഉയര്‍ന്നത്. കേസ് പരിഗണിച്ച ജഡ്ജിയുടെ ശ്രദ്ധയിലും ഇതെത്തി. വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം കോടതിക്കു കളങ്കമുണ്ടാക്കുന്നതാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്നാണു ഫുള്‍ കോര്‍ട്ട് ചേര്‍ന്നു പോലീസ് അന്വേഷണത്തിനു തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →