ജനസംഖ്യ ഇന്ത്യ ഇക്കൊല്ലം ഒന്നാമതെത്തും!

ബെയ്ജിങ്: ജനസംഖ്യയില്‍ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തി ചൈന. ആളെണ്ണത്തില്‍ ഈവര്‍ഷംതന്നെ ചൈനയെ പിന്തള്ളി, ഇന്ത്യ ആഗോളതലത്തില്‍ ഒന്നാമതെത്തുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞവര്‍ഷം ഒടുവിലത്തെ കണക്കനുസരിച്ച് 8,50,000 കുറഞ്ഞ്, 141 കോടിയാണു ചൈനീസ് ജനസംഖ്യ. 2022-ല്‍ 95.6 ലക്ഷം ജനനം രേഖപ്പെടുത്തിയപ്പോള്‍, 1.4 കോടി പേര്‍ മരണമടഞ്ഞതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 2021-ല്‍ ജനനനിരക്ക് 1000 പേര്‍ക്ക് 7.52 ആയിരുന്നതു കഴിഞ്ഞവര്‍ഷം 6.77 ആയി കുറഞ്ഞു. 1961-ല്‍ മാവോ സെദൂങ്ങിന്റെ ഭരണകാലത്താണു കര്‍ശന നിയന്ത്രണങ്ങളുടെ ഫലമായി ചൈനയില്‍ ഇതിനു മുമ്പ് ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇരുപതാം നൂറ്റാണ്ടില്‍ ശരാശരി ആയുർദെര്‍ഘ്യം, മരണനിരക്ക്, പ്രസവനിരക്ക് എന്നീ കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും ഏറെക്കുറെ സമാനാവസ്ഥയിലായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം, മെച്ചപ്പെട്ട പൊതുജനാരോഗ്യസംവിധാനം, ഭക്ഷ്യസുരക്ഷ, ശുചിത്വം, ശുദ്ധജലലഭ്യത എന്നിവയുടെ ഫലമായി മരണനിരക്ക് കുറഞ്ഞതും ഇരുരാജ്യങ്ങളിലെയും ജനസംഖ്യ ക്രമാനുഗതമായി ഉയരാന്‍ കാരണമായി. എന്നാല്‍, പിന്നീട് പ്രസവനിരക്കിലുണ്ടായ കുറവാണു ചൈനയില്‍ ജനസംഖ്യാവിസ്‌ഫോടനം പിടിച്ചുനിര്‍ത്തിയത്. 1980-നും 2015-നും ഇടയില്‍ ”ഒരു കുട്ടി” നയം നടപ്പാക്കിയതും ചൈനീസ് ജനസംഖ്യ കുറയാന്‍ കാരണമായി. എന്നാല്‍, യുവാക്കളുടെ എണ്ണം കുറഞ്ഞതിലൂടെ രാജ്യത്തിന്റെ തൊഴില്‍ശേഷിയും കുറഞ്ഞതായ ആശങ്ക നിലനില്‍ക്കുന്നു. 16-59 പ്രായപരിധിയിലുള്ളവര്‍ ജനസംഖ്യയുടെ 62 ശതമാനമാണ്. 65-നു മേല്‍ പ്രായമുള്ളവര്‍ 14.9%. ”ഒരു കുട്ടി” നയം നടപ്പായതോടെ ലിംഗനിര്‍ണയത്തിലൂടെ ആണ്‍കുട്ടികള്‍ക്കു ദമ്പതികള്‍ മുന്‍ഗണന നല്‍കിയത് ആണ്‍-പെണ്‍ അനുപാതത്തിലും വന്‍വ്യത്യാസമുണ്ടാക്കി. നിലവില്‍ പുരുഷന്‍മാരുടെ എണ്ണം 722.06 ദശലക്ഷവും സ്ത്രീകളുടേത് 689.69 ദശലക്ഷവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →