നോർക്ക – എസ്.ബി.ഐ പ്രവാസി ലോൺ മേള 19 മുതൽ 21 വരെ

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി  ജനുവരി 19 മുതൽ 21 വരെ   ലോൺ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള.  രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം.

പങ്കെടുക്കാൻ താൽപര്യമുളള പ്രവാസി സംരംഭകർ  www.norkaroots.org  സന്ദർശിച്ച്  ndprem ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ 0471-2770500 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

മേളയിൽ പങ്കെടുക്കാനെത്തുന്നവർ പദ്ധതി വിശദാംശങ്ങളോടൊപ്പം സംഭരകരുടെ തിരിച്ചറിയൽ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെ വാടക / പാട്ടകരാർ പകർപ്പ്, സ്ഥാപനത്തിന്റെ ലൈസൻസ്, ഉദ്യം രജിസ്ട്രേഷൻ, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കിൽ അവയുടെ നികുതി രസീതോ, ക്വട്ടേഷനോ  ഹാജരാക്കണം.

പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി സേവനം ലഭ്യമാണ്.  പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →