മലപ്പുറം: മുസ്ലിം ലീഗിനു സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങള്‍. കഴിഞ്ഞ നവംബറിലെ അംഗത്വവിതരണത്തിനുശേഷമുള്ള കണക്കാണിത്. അംഗങ്ങളില്‍ 51% സ്ത്രീകളാണെന്നും 61% പേര്‍ 35 വയസില്‍ താഴെയുള്ളവരാണെന്നും ലീഗ് നേതൃത്വം അറിയിച്ചു. 2016-ലെ അംഗത്വവിതരണത്തെ അപേക്ഷിച്ച് ഇക്കുറി 2,33,295 അംഗങ്ങളുടെ വര്‍ധനയുണ്ടായി.ലീഗിന്റെ സന്ദേശം യുവാക്കളിലേക്കും വനിതകളിലേക്കും മികച്ചരീതിയില്‍ എത്തിയതിന്റെ തെളിവാണിതെന്ന് സംസ്ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അവകാശപ്പെട്ടു. കാമ്പസുകളില്‍ എം.എസ്.എഫിനു ലഭിച്ച വോട്ടില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണ്. സ്ത്രീസമൂഹം ലീഗിനെ വന്‍തോതില്‍ അംഗീകരിക്കുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വാര്‍ഡ് സമിതികളുടെ രൂപീകരണം കഴിഞ്ഞമാസം പൂര്‍ത്തിയായി. 15-നകം പഞ്ചായത്ത് സമിതികളും തുടര്‍ന്ന് മണ്ഡലം സമിതികളും രൂപീകരിക്കും. ഫെബ്രുവരിയോടെ ജില്ലാസമിതികളും മാര്‍ച്ചില്‍ പുതിയ സംസ്ഥാനസമിതിയും നിലവില്‍ വരും. മാര്‍ച്ച് 10-നു ദേശീയസമിതി പ്രഖ്യാപനവും കൗണ്‍സിലും ചെെന്നെയില്‍ നടക്കും. മറീന ബീച്ചിലാണ് 75-ാം വാര്‍ഷികാഘോഷസമ്മേളനം.
സംഘടനയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കും. എത്ര ശതമാനമെന്നു നിശ്ചയിച്ചിട്ടില്ല. ത്രിതലപഞ്ചായത്തുകളിലെ ലീഗ് ജനപ്രതിനിധികളില്‍ 60 ശതമാനവും വനിതകളാണ്. നിയമസഭാ, പാര്‍ലമെന്റ് പ്രാതിനിധ്യം പിന്നീട് ചര്‍ച്ചചെയ്യും. മുജാഹിദ് വിഭാഗവുമായി സംസാരിച്ചു. മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോട് അവര്‍ക്കു സ്ഥിരമായ വിയോജിപ്പില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

