മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്തി അഗ്‌നിരക്ഷാ സേന

ശബരിമല: മകരവിളക്ക് ദിവസത്തെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അഗ്‌നിരക്ഷാ സേനയുടെ ഉന്നതതല സംഘം പമ്പയിലും സന്നിധാനത്തും പരിശോധന നടത്തി.അഗ്‌നിരക്ഷാ സേനയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് ലാല്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, സിവില്‍ ഡിഫന്‍സ് റിജീയണല്‍ ഓഫീസര്‍ സിദ്ധകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ വി.ആര്‍. അഭിലാഷും ഒപ്പമുണ്ടായിരുന്നു പര്‍വതാരോഹണത്തിലും ജലദുരന്തം ഉണ്ടായാലും രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള 30 പേരടങ്ങുന്ന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിനെ ശബരിമലയില്‍ നിയോഗിക്കും.

ഹൈഡ്രന്റ് ഇല്ലാത്ത ഭാഗങ്ങളില്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ താലത്തില്‍ കര്‍പ്പൂരം കത്തിച്ച് തിരക്കിനിടയിലൂടെ കൊണ്ടുപോകുന്നത് അഗ്‌നിബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കും. മകരവിളക്ക് വ്യുപോയിന്റുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ഈ ദിനങ്ങളില്‍ തിരക്കില്‍പ്പെട്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞ് വീഴുന്ന സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സ്ട്രച്ചറുകള്‍ എത്തിക്കും. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, സത്രം, കുമളി, അട്ടത്തോട്, വണ്ടിപ്പെരിയാര്‍ ഭാഗങ്ങില്‍ സേനാംഗങ്ങളെ നിയോഗിക്കും. ഡി.ജി.പി ഡോ. ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലായിരിക്കും മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →