കാറിടിക്കുമ്പോള്‍ അഞ്ജലിക്കൊപ്പം സുഹൃത്തും

ന്യൂഡല്‍ഹി: സ്‌കൂട്ടറില്‍ കാറിടിച്ചു കൊല്ലപ്പെട്ട അഞ്ജലി സിങ് (23) അപകടത്തില്‍പെടുമ്പോള്‍ നിധി എന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് ഏതാനും സമയം മുമ്പ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നു.ഡിസംബര്‍ 31 ന് വൈകിട്ട് രോഹിണിയിലെ ഒയോ ഹോട്ടലില്‍ നടന്ന പുതുവത്സരപാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. പിന്നീട് ഹോട്ടലിന് മുന്നില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പരസ്പരം ചീത്ത പറയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മാനേജര്‍ ഇരുവരോടും പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്നും യുവതികള്‍ സ്‌കൂട്ടറില്‍ ഹോട്ടലില്‍ നിന്നു പോയെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. അഞ്ജലി അപകടത്തില്‍പ്പെടുന്നതിനു 15 മിനിറ്റ് മുമ്പായിരുന്നു ഇത്.

ജനുവരി ഒന്നിന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ സ്‌കൂട്ടറില്‍ കാര്‍ അഞ്ചു യുവാക്കള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്. ഇടിയേറ്റു വീണ അഞ്ജലിയുടെ കാല് കാറിന്റെ ആക്‌സിലില്‍ കുടുങ്ങി ഒരു മണിക്കൂറോളം വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു.അപകടത്തില്‍ നിസാര പരുക്കേറ്റ നിധി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് കണ്ടെത്തല്‍. നിധിയെ കേസില്‍ ദൃക്‌സാക്ഷിയാക്കുമെന്നു പോലീസ് പറഞ്ഞു. പേടിച്ചതുകൊണ്ടാണ് ഓടിപ്പോയതെന്നു നിധി പോലീസിനോടു പറഞ്ഞു.അഞ്ജലിയും നിധിയും ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുന്നതിന്റെയും സ്‌കൂട്ടറില്‍ ഒരുമിച്ച് മടങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യം നിധിയും പിന്നീട് അഞ്ജലിയുമാണ് സ്‌കൂട്ടര്‍ ഓടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →