കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയുടെ മരണം: പീഡനത്തിന് തെളിവില്ല

ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ ദാരുണമായി കൊല്ലപ്പെട്ട യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളില്ലെന്നാണു റിപ്പോര്‍ട്ട്. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പോലീസിനു െകെമാറും. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിളുകളും ജീന്‍സിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

ജനുവരി ഒന്നിനു പുലര്‍ച്ചെ സ്‌കൂട്ടറില്‍ കാറിടിച്ചു 13 കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടാണു അമന്‍ വിഹാര്‍ സ്വദേശി അഞ്ജലി സിങ്(23) മരിച്ചത്. തലയ്‌ക്കേറ്റ പരുക്കിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

നട്ടെല്ലിനും ഇടതു തുടയെല്ലിനും െകെകാലുകള്‍ക്കും പരുക്കേറ്റിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് നഗ്നമായ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയില്‍ കണ്ടെത്തിയത്.ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയര്‍ന്നത്. എന്നാല്‍, പീഡനത്തിനു തെളിവില്ലെന്നു ഡല്‍ഹി പോലീസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്കുമെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം, മരണത്തിനു കാരണമായ തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. യുവതി കാറിനടിയില്‍ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. എന്നാല്‍, മദ്യപിച്ചിരുന്നെന്ന് ഇവര്‍ സമ്മതിച്ചതായാണു സൂചന.ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജലി ആയിരുന്നു കുടുംബത്തിന്റെ ആശ്രയം. പിതാവ് ഏതാനും വര്‍ഷം മുന്‍പു മരിച്ചു. നടന്നതു കാറപകടം മാത്രമല്ലെന്നു അഞ്ജലിയുടെ അമ്മ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. പീഡനാരോപണം പരിശോധിക്കുമെന്നു ഡല്‍ഹി സ്‌പെഷല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →