തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെയും പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ആഹ്വാനമേറ്റെടുത്ത് സംസ്ഥാന കോൺഗ്രസ് നേതാക്കൾ.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെ. മുരളീധരൻ എം.പിയും രാഷ്ട്രീയമാനം തിരിച്ചറിഞ്ഞ് ആന്റണിയെ പിന്തുണച്ചപ്പോൾ ,വിശ്വാസികളെ വർഗീയവാദികളെന്ന് ഒരിക്കലും വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സി.പി.എം .കോൺഗ്രസ് നേതാക്കൾ പലരുടേതും മൃദു ഹിന്ദുത്വവാദമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ഏറ്റവും വലിയ ഹിന്ദു വിരുദ്ധ പാർട്ടിയാണ് കോൺഗ്രസെന്ന് ആന്റണിയുടെ പരസ്യാഹ്വാനത്തെ തള്ളിയ ബി.ജെ.പി കുറ്റപ്പെടുത്തി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനും രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും അതീവ നിർണായകമായിരിക്കെയാണ് എ.കെ. ആന്റണിയുടെ ആഹ്വാനം രാഷ്ട്രീയശ്രദ്ധ നേടുന്നത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന വലിയ സ്വീകരണം കോൺഗ്രസ് ക്യാമ്പിൽ പുതിയ ഉണർവ്വുണ്ടാക്കിയിട്ടുണ്ട്. ഈയവസരം ഉപയോഗപ്പെടുത്താനുള്ള അടവുനയ സമീപനങ്ങളിലേക്ക് കോൺഗ്രസ് കടക്കാനിരിക്കുകയാണ്.കേരളത്തിലാകട്ടെ, മൂന്നാം ശക്തിയായി ബി.ജെ.പി വോട്ടുനില ഉയർത്തിത്തുടങ്ങിയതോടെ കോൺഗ്രസിനാണ് സമീപകാല തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുന്നത്. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലിത് പ്രതിഫലിച്ചു. സി.പി.എമ്മാകട്ടെ, യു.ഡി.എഫ് വോട്ടുബാങ്കായി കണക്കാക്കിയിരുന്ന ന്യൂനപക്ഷങ്ങളെ തങ്ങളിലേക്കാകർഷിക്കാനുള്ളപുതു തന്ത്രങ്ങൾ മെനയുന്നു.. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള തന്ത്രപരമായ ആഹ്വാനമാണ് ആന്റണി നടത്തിയതെന്നാണ് വിലയിരുത്തൽ.കാവി മുണ്ടുടുത്തവരും കുറി തൊട്ടവരുമെല്ലാം ബി.ജെ.പിക്കാരല്ലെന്നും, ബി.ജെ.പിക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല തങ്ങൾ ചെയ്യുന്നതെന്നുമാണ് ആന്റണിയെ പിന്തുണച്ച് വി.ഡി. സതീശൻ പറഞ്ഞത്.
ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് യോജിപ്പില്ലെന്നും, ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബി.ജെ.പിക്കില്ലെന്നും വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ സ്ഥാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബി.ജെ.പിക്കില്ല. എല്ലാവർക്കും അവകാശപ്പെട്ടത് അനുവദിച്ചുകൊടുക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാട്. എ.കെ. ആന്റണി പറഞ്ഞതും അതു തന്നെ. ഞാൻ ക്ഷേത്രത്തിൽ പോകും, കുറിയും തൊടും. വി.ടി. ബൽറാമിനെപ്പോലുള്ളവർ സത്യപ്രതിജ്ഞ സഗൗരവം ആണ് ചെയ്യുന്നത്. ഇതിലൊരിക്കലും ലീഗ് എതിർപ്പു പറഞ്ഞിട്ടില്ല.
ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബി.ജെ.പിക്ക് വിട്ടുകൊടുക്കുന്നത് സി.പി.എമ്മാണ്. ക്ഷേത്ര ഭരണസമിതികളിൽ കയറണമെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ കമ്മിറ്റികളിൽ പറയുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേൽക്കുന്നത്. എന്നാൽ സി.പി.എം സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകിയപ്പോൾ ദൃഢപ്രതിജ്ഞയാണ് എടുത്തത്.

