കോഴിക്കോട്: അഴിയൂരിൽ പെൺകുട്ടിയെ ലഹരി കാരിയറാക്കി എന്ന പരാതിയിൽ പ്രതിചേർക്കപ്പെട്ട യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യവും റിപ്പോർട്ടിലുണ്ട്. കുട്ടി ചെന്നു എന്നുപറയുന്ന തലശ്ശേരിയിലെ മാളിലെ സി.സി.ടി.വി. ദൃശ്യമടക്കം പരിശോധിച്ചിട്ടും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് വടകര റൂറൽ എസ്പി നൽകിയ റിപ്പോർട്ടിലുള്ളത്.
കുട്ടി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ആശുപത്രിയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനാ ഫലങ്ങൾ ലഭിച്ചിട്ടില്ല എന്നും പോലീസ് റിപ്പോർട്ട് നൽകി
2022 നവംബർ 24-നാണ് എട്ടാംക്ലാസ് വിദ്യാർഥിനിയ്ക്ക് മയക്കുമരുന്ന് നൽകിയെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നത്. അന്ന് സ്‌കൂളിലെ ശൗചാലയത്തിൽ പൂർണമായും നനഞ്ഞൊലിച്ച് കുട്ടി നിൽക്കുന്നത് അധ്യാപിക കണ്ടിരുന്നു. ഇത് വീട്ടുകാരെ അറിയിച്ചു. വീട്ടിലെത്തിയശേഷമാണ് ഒരു ചേച്ചി തനിക്ക് ബിസ്‌കറ്റ് തരാറുണ്ടെന്നും മയക്കത്തിൽ ആകാറുണ്ടെന്നും കുട്ടി പറഞ്ഞത്.പെൺകുട്ടിയ്ക്ക് മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കൗൺസിലിങ്ങിലൂടെയാണ് കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്.

