ബെയ്ജിങ്: അമേരിക്കന്‍ വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്വാന് പ്രധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ചൈനയുടെ പടയൊരുക്കം. 24 മണിക്കൂറിനിടെ തായ്വാനെതിരേ 71 യുദ്ധവിമാനങ്ങളും ഏഴു യുദ്ധക്കപ്പലുകളും അയച്ചാണ് സൈനികാഭ്യാസത്തിന്റെ മറവില്‍ ചൈനയുടെ മുന്നറിയിപ്പ്.
47 ചൈനീസ് വിമാനങ്ങള്‍ തായ്വാന് കടലിടുക്കിന്റെ മധ്യരേഖ കടന്നതായി തായ്വാന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായെങ്കിലും നിശബ്ദമായി അംഗീകരിച്ചിരുന്ന അതിര്‍വരമ്പായിരുന്നു ഇത്. ചൈനയുടെ യുദ്ധാഭ്യാസപ്രകടനങ്ങള്‍ 24 മണിക്കൂര്‍ നീണ്ടുനിന്നു. 18 ജെ-16 യുദ്ധവിമാനങ്ങളും 11 ജെ-1 യുദ്ധവിമാനങ്ങളും ആറ് എസ്യു-30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെയായിരുന്നു ചൈനയുടെ പടപ്പുറപ്പാട്. കരയില്നിന്നുള്ള മിെസെല്‍ പ്രതിരോധസംവിധാനങ്ങളിലൂടെയും നാവികസേനാ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ചയാണ് യു.എസ്. വാര്‍ഷിക പ്രതിരോധബില്‍ പാസാക്കിയത്. ബില്ലില്‍ തായ്വാനുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതില്‍ ചൈന രോഷം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ ആറിനും തിങ്കളാഴ്ച രാവിലെ ആറിനും ഇടയിലാണ് തായ്വാന് വ്യോമാതിര്‍ത്തിയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങള്‍ കടന്നുകയറിയത്.

