തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി വിൻസെന്റ് ജോണിനെയാണ് (63) തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കൊല്ലത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരേ രാജ്യത്തെ വിവിധഭാഗങ്ങളിലായി ഇരുന്നൂറോളം കേസുകളുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ലാപ്‌ടോപ്പും മറ്റുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിൽനിന്ന് ലാപ്‌ടോപ്പ് മോഷണം പോയത്. തുടർന്ന് ഹോട്ടൽ അധികൃതർ കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് വിൻസെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടുകയായിരുന്നു.
ഇംഗ്ലീഷ് നല്ലരീതിയിൽ കൈകാര്യം ചെയ്യുന്ന വിൻസെന്റ് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുക്കാറുള്ളത്. തന്റെ വാക്ചാതുര്യത്തിലൂടെ ജീവനക്കാരെ കയ്യിലെടുക്കുന്ന ഇയാൾ, മുറിയുടെ വാടകയും ഭക്ഷണത്തിന്റെ ബില്ലുമെല്ലാം മുറി ഒഴിവാകുന്നദിവസം അടയ്ക്കാമെന്ന് പറയും. തുടർന്ന് ഏറ്റവും ഉയർന്നനിരക്കുള്ള മുറിയിൽ താമസിച്ച് വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓർഡർ ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും. പിന്നീട് ഇതേ ഹോട്ടലിൽവെച്ച് താൻ ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അതിനായി ഹോട്ടലിലെ കോൺഫറൻസ് ഹാൾ ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനിടെയാണ് തന്റെ ലാപ്‌ടോപ്പ് തകരാറിലായെന്നും പകരമൊരു ലാപ്‌ടോപ്പ് സംഘടിപ്പിച്ച് നൽകണമെന്നും ജീവനക്കാരോട് ആവശ്യപ്പെടുക. പിന്നീട് ഈ ലാപ്‌ടോപ്പുമായി ഹോട്ടലിൽനിന്ന് മുങ്ങുന്നതാണ് പ്രതിയുടെ രീതി.
ഹോട്ടലിൽ മുറിയെടുക്കാനായി വ്യാജ തിരിച്ചറിയൽ രേഖകളാണ് ഇയാൾ നൽകാറുള്ളത്. തെരിനാഥൻ, വിജയ്കാരൻ, മൈക്കൽ ജോസഫ്, ദിലീപ് സ്റ്റീഫൻ, മൈക്കൽ ഫെർണാണ്ടോ, രാജീവ് ദേശായി, എസ്.പി. കുമാർ, സഞ്ജയ് റാണെ തുടങ്ങിയ 11 കള്ളപ്പേരുകളും ഇയാൾക്കുണ്ട്. 2018-ൽ കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമാനരീതിയിൽ മോഷണം നടത്തിയതിന് വിൻസെന്റ് പിടിയിലായിരുന്നു. മുംബൈ നഗരത്തിലാണ് വിൻസെന്റിനെതിരേ ഏറ്റവും കൂടുതൽ കേസുകളുള്ളത്. ഇപ്പോൾ തിരുവനന്തപുരത്ത് ഇയാൾ പിടിയിലായ വിവരമറിഞ്ഞ് ആന്ധ്ര പോലീസും കന്റോൺമെന്റ് സ്‌റ്റേഷനിൽ ബന്ധപ്പെട്ടിട്ടുണ്ട്.

