നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാഗരം’ പാലിയേറ്റിവ് കെയർ കുടുംബസംഗമം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തും പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പാലിയേറ്റിവ് രോഗികളുടെ മാനസിക ഉല്ലാസമാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ 110 കുടുംബങ്ങൾ ഒത്തുകൂടി. അരി, പയർ, പരിപ്പ്, ഹോർളിക്സ്, തേയില, പഞ്ചസാര, മുളക്-മല്ലി പൊടികൾ, എണ്ണ, സോപ്പ് എന്നിവ അടങ്ങുന്ന കിറ്റും വിതരണം ചെയ്തു. 16 കിടപ്പുരോഗികൾക്ക് ഫാനും ഒരാൾക്ക് മെത്തയും നൽകി.
പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, നാഷണൽ ഹെൽത്ത് മിഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.