തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കൃത്യമായി മാസ്ക് ധരിക്കണമെന്നും, മുൻകരുതൽ എടുക്കാത്തവർ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി..
എന്നാൽ, കർശനമായ നിയന്ത്രണങ്ങളിലേയ്ക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാൻ നിലവിൽ തീരുമാനമില്ല. ആഘോഷദിവസങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ ആളുകൾ വ്യക്തിപരമായ ജാഗ്രതപുലർത്തണം. പുതിയ വകഭേദം കണ്ടെടത്താൻ ജനിതകശ്രേണീകരണം നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.’- ആരോഗ്യമന്ത്രി പറഞ്ഞു
‘സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ ചികിത്സ തേടണം. പരിശോധന കർശനമാക്കും. നിലവിൽ പരിശോധന കുറവായതിനാലാണ് കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തൽ. ഇനിയും ഒരു അടച്ചിടലിലേയ്ക്ക് പോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. അതിനാൽ ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

