നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കാർ നിർത്താതെ പോയ രണ്ടുപേർ പോലീസിന്റെ പിടിയിൽ

കൊല്ലം: അഞ്ചലിൽ തോക്കും മാരകായുധങ്ങളുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ. നൂറനാട് സ്വദേശികളായ ജിഷ്ണു ഭാസുരൻ, അജികുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ കരുകോണിൽ നിന്നാണ് പ്രതികളെ അഞ്ചൽ പോലീസ് പിടികൂടിയത്. അമിതവേഗതയിൽ എത്തിയ കാർ നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വാഹനത്തെ പിന്തുടർന്ന് എത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു നിർത്തി. വാക്കേറ്റവും കയ്യങ്കളിയുമായതോടെ പ്രദേശവാസികൾ പോലീസിനെ അറിയിച്ചു.

പോലീസ് എത്തി ജിഷ്ണുവിനെയും അജികുമാറിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ തോക്ക്, വാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി. തുടർന്ന് ആയുധ നിരോധന നിയമം ചുമത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിടിയിലായവർ ചണ്ണപ്പെട്ടയിലുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് എത്തിയതാണെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിലെത്തിയ ശേഷം മടങ്ങിപോകവെയാണ് ഇവർ പിടിയിലാകുന്നത്. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →