തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 24 മണിക്കൂറില്‍ 64 മുതല്‍ 115 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ മറിഞ്ഞുവീണും ഉണ്ടാവാനിടയുള്ള അപകടകരമായ സാഹചര്യങ്ങളില്‍നിന്ന് ആളുകള്‍ അകലം പാലിക്കണം. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രതയോടെയിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

