കോലാര്‍ അടക്കമുള്ള സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോലാര്‍ അടക്കമുള്ള സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം. 20 വര്‍ഷം മുമ്പാണ് കോലാറിലെ സ്വര്‍ണഖനനം അവസാനിപ്പിച്ചത്. അന്നത്തെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണഖനനം നഷ്ടമായതിനാലാണ് സ്വര്‍ണഖനനം നിര്‍ത്തിയത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞചെലവില്‍ കോലാറില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷ. പല്ലേഡിയം അടക്കമുള്ളവ ഖനനം ചെയ്യാനും നീക്കമുണ്ട്. പദ്ധതികളിലൂടെ 1,73,859.42 കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ആറു മാസങ്ങള്‍ക്കുള്ളില്‍ ഖനികള്‍ ലേലം ചെയ്യാനാണ് നീക്കം. വിദേശ കമ്പനികളുടെ സഹകരണവും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ചൈനകഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 191.7 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

ബംഗളുരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണു കോലാര്‍ സ്വര്‍ണഖനി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വര്‍ണഖനികളിലൊന്നാണിത്. 2001 മാര്‍ച്ച് 31 നാണു ഖനനത്തിന്റെ ചുമതലയുണ്ടായിരുന്ന ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് ഖനനം നിര്‍ത്തിവച്ചത്. കോലാറിലെ ഖനി പശ്ചാത്തലമാക്കിയുള്ള സിനിമ കെ.ജി.എഫ്.(കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) വന്‍ ഹിറ്റായി മാറിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമയില്‍ യഷായിരുന്നു നായകന്‍.മുമ്പ് ഖനനം നടന്ന പ്രദേശം ഇപ്പോള്‍ സര്‍ക്കാരിന്റെ റിസര്‍വ് മേഖലയാണ്. ഇവിടെ കെട്ടിട നിര്‍മാണം അടക്കമുള്ള പ്രവൃത്തികള്‍ക്ക് അനുമതിയില്ല. കുറ്റിക്കാടുകള്‍ നിറഞ്ഞ ഈ മേഖലയില്‍ ഇപ്പോള്‍ അപൂര്‍വഇനം മാനുകളും മറ്റ് മൃഗങ്ങളും ധാരാളമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →