ഷിംല: ഹിമാചല്‍പ്രദേശിലെ ബി.ജെ.പിയുടെ പരാജയത്തിനു കാരണം പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ ചേരിപ്പോരെന്ന് പാര്‍ട്ടി അനുഭാവികള്‍. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരേ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ രൂക്ഷവിമര്‍ശനം.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ സ്വന്തം സംസ്ഥാനമായ ഹിമാചലില്‍ 68 മണ്ഡലങ്ങളില്‍ 21 മണ്ഡലങ്ങളിലും പാര്‍ട്ടി വിമതര്‍ മത്സരിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ മാത്രമാണു വിജയിച്ചതെങ്കിലും മറ്റുള്ളവര്‍ക്ക് കാര്യമായ വോട്ടുകള്‍ ലഭിച്ചതു ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കു തിരിച്ചടിയായി. ജെ.പി. നഡ്ഡയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്നും അനുരാഗ് താക്കൂറിനെ ‘പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു.
സംസ്ഥാന ബി.ജെ.പിയില്‍ ”ത്രിതല വിഭാഗീയത”യാണ് നിലനില്‍ക്കുന്നത്. അനുരാഗ് താക്കൂറും ജെ.പി. നഡ്ഡയും ഓരോ വിഭാഗത്തെ നയിക്കുന്നു. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ നേതൃത്വത്തിലാണു മൂന്നാം ഗ്രൂപ്പ്.തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രേം കുമാര്‍ ധുമലിനു സീറ്റ് നല്‍കാത്തതില്‍ അനുരാഗ് താക്കൂര്‍, പരസ്യമായി വിഷമം പ്രകടിപ്പിച്ചിരുന്നു. അതേ സമയം, ആവശ്യം വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനു വിമതരുടെ പിന്തുണ തേടാന്‍ ധൂമലിനെ മധ്യസ്ഥനായി നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തിനു പുറമേ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ നേതൃത്വത്തിലാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുരാഗ് താക്കൂറും അവകാശമുന്നയിക്കുമെന്നു വ്യക്തമായിരുന്നു.ജെ.പി. നഡ്ഡയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു.
”ഞങ്ങള്‍ വിധിയെ മാനിക്കുന്നു. നേരത്തെ സര്‍ക്കാര്‍ മാറുമ്പോള്‍, വോട്ട് വിഹിതത്തില്‍ കുറഞ്ഞത് 5 ശതമാനമെങ്കിലും വ്യത്യാസമുണ്ടാകും. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ക്കു കോണ്‍ഗ്രസുമായുള്ള വ്യത്യാസം ഒരു ശതമാനത്തില്‍ താഴെയാണ്.”- നഡ്ഡ പറഞ്ഞു.

