ഭവന-വാഹന വായ്പാ തിരിച്ചടവ് വര്‍ധിക്കും

മുംബൈ: പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചത് ബാങ്ക് വായ്പ എടുത്ത സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമാകും. ഭവന, വാഹന വായ്പകളിന്‍ മേലുള്ള പലിശ 0.35 ശതമാനം ഉയരും. ഇത് പ്രതിമാസ തിരിച്ചടവില്‍ (ഇ.എം.ഐ.) വര്‍ധനയുണ്ടാക്കും. ബാങ്കുകളുടെയും കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും ലോണ്‍ പലിശ ഉയരും. സര്‍ക്കാര്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും ഇതിന്റെ ചുവടുപിടിച്ച് പലിശ കൂട്ടും.

നിരക്ക് വര്‍ധനയിലൂടെ റിപ്പോ 6.25ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരും. ബാങ്കുകള്‍ക്കുള്ള വര്‍ധിച്ച പലിശഭാരം ബാങ്കില്‍ നിന്ന് പണം വായ്പയെടുത്തവര്‍ക്കുമേല്‍ കെട്ടിവച്ച് ബാങ്കുകള്‍ തടിയൂരും. ഇടപാടുകാരില്‍ നിന്ന് പലിശ കൂടുതല്‍ ഈടാക്കുമ്പോഴാണ് ഇ.എം.ഐ. അടക്കമുള്ളവ കൂടുന്നത്. ഭവന, വാഹന വായ്പകള്‍ ഫ്‌ളോട്ടിങ് നിരക്കില്‍ എടുക്കുന്നവര്‍ക്കാണ് ആഘാതമേറുക. മറ്റുള്ളവരുടെ ഇ.എം.ഐയ്ക്ക് മാറ്റമുണ്ടാകില്ല. ഫ്‌ളോട്ടിങ് നിരക്കില്‍ 20 വര്‍ഷക്കാലയളവില്‍ 12.5 ലക്ഷം രൂപ ഭവനവായ്പ എടുത്തയാള്‍ നിലവില്‍ അടയ്ക്കുന്നത് 8.40 ശതമാനം പലിശയാണ്. അതായത് 10,766 രൂപ മാസം ഇ.എം.ഐ. അടയ്ക്കണം. ഇനി പലിശ 8.75 ശതമാനമാകുകയും ഇ.എം.ഐ യില്‍ 255 രൂപ കൂടി 11,021 മാസത്തവണയായി അടയ്ക്കുകയും വേണം. പ്രതിവര്‍ഷം 3160 രൂപ അധികമായി ലോണ്‍ അടവിലേക്കു അധികമായി വരും.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി കുറച്ചു. ആറംഗ ആര്‍.ബി.ഐ. മോണറ്ററി പോളിസി കമ്മിറ്റി(എം.പി.സി)യുടേതാണു തീരുമാനം. കമ്മിറ്റിയിലെ ഒരംഗം നിരക്കുവര്‍ധനയെ എതിര്‍ത്തു. നവംബറില്‍ പണപ്പെരുപ്പത്തില്‍ നേരിയ കുറവുണ്ടായിരുന്നു.ഒക്‌ടോബറിലെ 7.41ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് 6.77 ശതമാനമാണിപ്പോള്‍. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്.ഡി.എഫ്)നിരക്ക് 5.15 ശതമാനത്തില്‍നിന്ന് 6 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എം.എസ്.എഫ്.) നിരക്ക് 6.15ശതമാനത്തില്‍നിന്ന് 6.50ശതമാനമായും പരിഷ്‌കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →