തെങ്ങില്‍ നിന്നു വീണ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ അനാസ്ഥ കാട്ടിയ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു

പത്തനാപുരം: തെങ്ങില്‍നിന്നു വീണ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ അനാസ്ഥ കാട്ടിയ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. മാങ്കോട് തൊണ്ടിയാമണ്‍ തെക്കേക്കര ചരുവിളവീട്ടില്‍ പ്രദീപി(40)ന്റെ മരണത്തില്‍ സുഹൃത്തുക്കളായ പൂങ്കുളഞ്ഞി അനീഷ് ഭവനില്‍ അനീഷ്(32), ചിതല്‍വെട്ടി എസ്‌എഫ്‌സികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ പൊടിയന്‍(54) എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 19നാണ് ഫാമിങ് കോര്‍പ്പറേഷന്‍ എസ്റ്റേറ്റിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കാണപ്പെട്ട പ്രദീപ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

18ന് രാത്രി വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെങ്ങില്‍നിന്ന് കാല്‍വഴുതിവീണ് പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിക്കാതെ അനീഷും പൊടിയനും സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. രാത്രി ഏറേനേരം കഴിഞ്ഞിട്ടും പ്രദീപ് തിരിച്ചുവരാതായതോടെ ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. സുഹൃത്തിനെ വിളിച്ചപ്പോള്‍ ഒരു മണിക്കൂറിനകം തിരിച്ചെത്തുമെന്ന് അറിയിച്ചു. തിരച്ചിലിനൊടുവില്‍ പിറ്റേദിവസം രാവിലെ അബോധാവസ്ഥയിലാണ് പ്രദീപിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേസ് അന്വേഷിച്ച പുനലൂര്‍ ഡിവൈഎസ്പി അനില്‍ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →