ഇക്കോ സെന്‍സിറ്റീവ് സോണ്‍: അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംരക്ഷിത വനത്തിന് ഒരു കിലോമീറ്ററില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണമെന്ന ഏകീകൃത ഉത്തരവ് നടപ്പാക്കുന്നതില്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുക്കണമെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവ് തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനം നടന്നുവരുന്ന നഗരപ്രദേശങ്ങളോട് ചേര്‍ന്ന് വരുന്ന വനം മേഖലയിലെല്ലാം ഇത്തരം സാഹചര്യങ്ങളുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവുകള്‍ കണ്ണുമടച്ച് നടപ്പാക്കാന്‍ സാധിക്കില്ല. ഉത്തരവുകള്‍ പാസാക്കുമ്പോള്‍ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജയ്പൂര്‍ നഗരത്തിനും വിമാനത്താവളത്തിനും ഇടയിലുള്ള റൂട്ടില്‍ വനമായി വിജ്ഞാപനം ചെയ്ത ഒരു പ്രദേശമുണ്ടെന്ന് ചൂണ്ടികാട്ടിയ ജസ്റ്റിസ് ഗവായ് പറഞ്ഞു. അത്തരം സ്ഥലങ്ങളിലാണെങ്കില്‍, വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍, മുഴുവന്‍ റോഡും പൊളിക്കുകയോ വനങ്ങളാക്കി മാറ്റുകയോ ചെയ്യേണ്ടിവരും. അപ്പോള്‍ നഗരത്തിന് കണക്റ്റിവിറ്റി ഉണ്ടാകില്ല. നാമെല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍ നമുക്ക് മുഴുവന്‍ വികസനവും ഇതിനായി തടഞ്ഞുവയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ക്രെഡായ്-എംസിഎച്ച്‌ഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച ബെഞ്ച് ജൂണ്‍ 3 ലെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് മുംബൈയുടെ പ്രാന്തപ്രദേശങ്ങള്‍ക്ക് സമീപം സ്ഥിതിചെയ്യുന്ന തുംഗരേശ്വര്‍ വന്യജീവി സങ്കേതത്തെ ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, താനെ ക്രീക്ക് ഫ്‌ലമിംഗോ സാങ്ച്വറി എന്നിവയെ ഒഴിവാക്കിക്കൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് കണക്കിലെടുത്താണ് ഉത്തരവ്. 20 വര്‍ഷം മുമ്പ് സമര്‍പ്പിച്ച ചില അപേക്ഷകള്‍ തീര്‍പ്പാക്കി ജൂണ്‍ 3 ന് ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും പരിസ്ഥിതി, വനം മന്ത്രാലയം പിന്നീട് പുറപ്പെടുവിച്ച നിരവധി വിജ്ഞാപനങ്ങള്‍ ബെഞ്ച് അവഗണിച്ചെന്നും ക്രെഡായ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബെഞ്ചിനെ അറിയിച്ചു. അതേസമയം, ഉത്തരവില്‍ നിന്ന് ഒഴിവാക്കാവുന്ന ചില വനങ്ങളുണ്ടെന്നും ഇത് സംബന്ധിച്ച് അമിക്കസ് ക്യൂറി കെ പരമേശ്വരുമായി ചര്‍ച്ച നടത്തുമെന്നും സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →