ദില്ലി: ഹർജി അടിയന്തരമായി കേൾക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ സുപ്രീം കോടതി ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ച പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ക്രിമിനൽ നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ഹർജിക്കാരന് നോട്ടീസ് നൽകാൻ സുപ്രീം കോടതി രജിസ്ട്രിക്ക് നിർദേശം നൽകുകയും ചെയ്തു.
നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. കേസ് വാദിക്കാൻ എത്തിയ ഹർജിക്കാരൻ കോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞു. എന്നാൽ മാപ്പപേക്ഷ പരിശോധിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഹിമ കോഹ്‌ലിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചാൽ മാത്രമേ ഹർജിക്കാരനെ സ്വയം കേസ് വാദിക്കാൻ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി.
ജഡ്ജിയെ ഭീകരവാദി എന്നാക്ഷേപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ ആണ് നിങ്ങൾ അധിക്ഷേപിച്ചത്. അദ്ദേഹം നിങ്ങളുടെ സംസ്ഥാനത്തു നിന്നുള്ള ആളുമാണ്. അതു കൊണ്ടാണോ ഇത്തരത്തിൽ അധിക്ഷേപിച്ചത് എന്നും ചോദിച്ചു. കൊറോണ കാലമായിരുന്നത് കൊണ്ട് താൻ കടുത്ത സമ്മർദത്തിൽ ആയിരുന്നു എന്നായിരുന്നു ഹർജിക്കാരൻ മറുപടി നൽകിയത്.
.എന്നാൽ മാപ്പു പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ലെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി ഹർജിക്കാരനോട് പറഞ്ഞു. തന്റെ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് 2021 മാർച്ചിലും ജൂലൈയിലും അപേക്ഷ നൽകിയിരുന്നു എന്ന് പറഞ്ഞു. രണ്ട് അപേക്ഷയിലും ഇതേ അധിക്ഷേപം ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ച ജഡ്ജി, അത്ഭുതകരം എന്നു പ്രതികരിക്കുകയും ചെയ്തു. അടിയന്തരമായി ഹർജി പരിഗണിക്കണം എന്ന ആവശ്യം തള്ളിയ കോടതി കാരണം കാണിക്കാനുള്ള നോട്ടീസ് നൽകി

