കാസര്‍ഗോഡ്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാസര്‍ഗോട്ടെ യുവതിയില്‍ നിന്ന് ഏഴു ലക്ഷം രൂപ കവര്‍ന്നെന്ന കേസില്‍ പ്രതിയായ യു.പി സ്വദേശിയായ പത്തൊന്‍പതുകാരനെ സൈബര്‍ പോലീസ് പിടികൂടി. മധൂര്‍ മായിപ്പാടി സ്വദേശിനിയായ യുവതിയെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടാണു യുവാവ് തട്ടിപ്പ് നടത്തിയത്.
ഉത്തര്‍പ്രദേശിലെ മുഹമ്മദ് ശാരികി(19)നെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് പണം അടങ്ങിയ ഗിഫ്റ്റ് അയച്ചുനല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി 7,00,500 രൂപ തട്ടിയെടുത്തതായാണു പരാതി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം സൈബര്‍ പോലീസ് ഉത്തര്‍പ്രദേശിലെ സിങ്ഹായിലെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
കാസര്‍ഗോഡ് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സൈബര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്, എ.എസ്ഐ: എ.വി. പ്രേമരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് പി.വി. സവാദ് അഷറഫ്, സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശിലേക്ക് അന്വേഷണത്തിനായി പോയതും പ്രതിയെ പിടികൂടിയതും.

